വടിവാളു കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി; നാല് വധശ്രമം അടക്കം 13 കേസുകള്‍; ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന ശ്യാംജിത്ത് കൊലയാളി സംഘത്തിലെ പ്രധാനി – Kairalinewsonline.com
Crime

വടിവാളു കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി; നാല് വധശ്രമം അടക്കം 13 കേസുകള്‍; ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന ശ്യാംജിത്ത് കൊലയാളി സംഘത്തിലെ പ്രധാനി

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കണ്ണൂര്‍: സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പാനൂര്‍ ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെ (23)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

മുത്താറിപീടികയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമകേസുകളില്‍ പ്രതിയാണ് ശ്യാംജിത്ത്. പാനൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരേ 13 കേസുകളുണ്ട്. പൊലീസിനെ ബോംബെറിഞ്ഞ കേസിലും നാല് വധശ്രമക്കേസിലും പ്രതിയാണ്.

മാത്രമല്ല, വടിവാളു കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് അതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തും ശ്യാംജിത്ത് സംഘികള്‍ക്കിടയില്‍ സ്റ്റാറായിരുന്നു.

ചെണ്ടയാട് വരപ്രയില്‍ 2017 ജനുവരി ഒന്നിന് മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലും ബാലസംഘം പാനൂര്‍ ഏരിയാ സെക്രട്ടറി അക്ഷയിനെ ആക്രമിച്ചതടക്കം ഡസന്‍കണക്കിന് കേസുകളുണ്ട്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ ആര്‍എസ്എസ് ജില്ലാനേതൃത്വം കണ്ണൂരില്‍ കലാപം അഴിച്ചുവിടാന്‍ നടത്തുന്ന ആസൂത്രണത്തിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ പിടിയിലായ പാനൂര്‍ ചെണ്ടയാട്ടെ ജെറിന്‍ സുരേഷ് നാട്ടില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഭീകരനാണ്. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്.

ആയുധപരിശീലനം നല്‍കി കൊലയാളികളായി ആര്‍എസ്എസ് വളര്‍ത്തിയെടുത്ത കൊടുംക്രിമിനലുകളാണ് ബാബു വധകേസില്‍ ഒന്നിന് പിറകെ ഒന്നായി പിടിയിലാവുന്നത്.

ശാഖാ ശിക്ഷക്കും മുഖ്യശിക്ഷക്കും ഉള്‍പ്പെടെയുള്ള യഥാര്‍ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുമ്പോള്‍ തെളിയുന്നത് ആര്‍എസ്എസ്സിന്റെ ഭീകരമുഖം കൂടിയാണ്.

To Top