കുതിരകച്ചവടത്തിന്റെ വിളനിലമായി കര്‍ണാടക; യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി എംഎല്‍എ – Kairalinewsonline.com
Just in

കുതിരകച്ചവടത്തിന്റെ വിളനിലമായി കര്‍ണാടക; യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി എംഎല്‍എ

ഒപ്പം നിയമപോരാട്ടവും ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കുതിരകച്ചവടത്തിന്റെ വിളനിലമായി കര്‍ണാടക മാറുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയതോടെയാണ് രാജ്യം വലിയ കുതിരകച്ചവടത്തിന് സാക്ഷ്യം വഹിക്കുന്നത്.

ഇപ്പോഴിതാ, യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി എംഎല്‍എ ട്വീറ്റ് ചെയ്തു. നാളെ രാവിലെ 9.30ന് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സുരേഷ് കുമാര്‍ എംഎല്‍എ ട്വീറ്റ് ചെയ്തത്.

അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമപ്പോരാട്ടത്തിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ചീഫ് ജസ്റ്റിനെ ഉടന്‍ കാണാമെന്നാണ് വിവരങ്ങള്‍.

ഗവര്‍ണറെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള അനുമതിയും ക്ഷണവും ഗവര്‍ണര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഗവര്‍ണറുടെ പിന്തുണയോടെയാണ് ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടമെന്ന ആരോപണവുമായി പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയത്.

രാഷ്ട്രീയ കുതിരകച്ചവടത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം, ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എംഎല്‍എമാരെ രാഷ്ട്രപതിയുടെ മുന്നിലെത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് അവര്‍. രാജ്ഭവന്‍ വളയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കും. ഒപ്പം നിയമപോരാട്ടവും ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

To Top