കുതിരക്കച്ചവടവും അട്ടിമറിയും സംഘപരിവാരിന്റെ കുലത്തൊഴിലെന്ന് എംവി ജയരാജന്‍

കർണ്ണാടക കോൺഗ്രസ്സും ജനതാദളും ചേർന്നാൽ 224 സീറ്റുള്ള നിയമസഭയിൽ 115 എം.എൽ.എ.മാരുടെ പിന്തുണയോടെ ഭരിക്കാനുള്ള കേവലഭൂരിപക്ഷമായി.

എന്നാൽ ഏറ്റവും കൂടുതൽ എം.എൽ.എ.മാരുള്ള ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ അനുമതി നൽകുന്നത് കുതിരക്കച്ചവടത്തിനും അതുവഴി ജനാധിപത്യം അട്ടിമറിക്കാനും വേണ്ടിയുള്ള നീക്കമാണ്.

തൂക്കുസഭയായിരിക്കുമെന്ന രാഷ്ട്രീയവിലയിരുത്തൽ ശരിയാണെന്ന് തെളിഞ്ഞു. ആർക്കും കേവലഭൂരിപക്ഷം ഉണ്ടായില്ല. കേവലഭൂരിപക്ഷമുണ്ടായില്ലെങ്കിലും രണ്ടു രാഷ്ട്രീയകക്ഷികളിലെ എംഎൽഎമാർ ചേർന്ന് ഒരാളെ ലീഡറായി നിശ്ചയിച്ചാൽ അയാളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക എന്നുള്ളത് പാർലമെന്ററി ജനാധിപത്യത്തിന്റെ പരമപ്രധാനമായ തത്വമാണ്. ജനഹിതവും വ്യത്യസ്തമല്ല.

ബിജെപിക്ക് 104 സീറ്റുണ്ടെങ്കിലും വോട്ട് 36.2 ശതമാനം മാത്രമാണ്. ഗവൺമെന്റ് രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച കുമാരസ്വാമിക്കാവട്ടെ, 46.8 ശതമാനം വോട്ടർമാരുടെ പിന്തുണയും ഭൂരിപക്ഷം എം.എൽ.മാരുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി വിരുദ്ധരെല്ലാം യോജിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് ഇത്രയും സീറ്റുകൾ പോലും കിട്ടുമായിരുന്നില്ല.

തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ തനിച്ച് തങ്ങൾ അധികാരത്തിൽ വരുമെന്നുള്ള അഹങ്കാരമായിരുന്നു ബിജെപി നേതാക്കൾക്ക്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി ചാനലുകളുടെ മുമ്പാകെ വന്ന് തങ്ങൾ ഭരിക്കുമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു. ആ സമയത്തൊന്നും പൂർണ്ണഫലം പുറത്തുവന്നിരുന്നില്ല.

ഇപ്പോൾ നിരാശരായ ബിജെപി നേതൃത്വം ഗുജറാത്ത് വാലയായ ഗവർണർ വാജുഭായ് വാലയെ ജനാധിപത്യം അട്ടിമറിക്കാൻ ഉപയോഗിക്കുകയാണ്. നരേന്ദ്രമോഡിക്കുവേണ്ടി എം.എൽ.എ. സ്ഥാനം രാജിവെച്ച് ഒഴിഞ്ഞയാളാണ് ഗവർണർ.

ഗുജറാത്തിലെ മോഡി മന്ത്രിസഭയിൽ ധനമന്ത്രിയും സ്പീക്കറുമായിരുന്നു. ആർ.എസ്.എസ്സുകാരനും മോഡി ഭക്തനുമായ വാലയ്ക്ക് റിട്ടയർമെന്റ് പ്രതിഫലമാണ് ഗവർണർ പദവി.

ഒറ്റക്കക്ഷി വാദം എന്തുകൊണ്ട് മേഘാലയയിലും മണിപ്പൂരിലും ഗോവയിലും ബിജെപി അംഗീകരിച്ചില്ല? മേഘാലയയിലും മണിപ്പൂരിലും ഗോവയിലും ഏറ്റവും കൂടുതൽ എം.എൽ.എ.മാരുണ്ടായിരുന്ന ഒറ്റക്കക്ഷി ബിജെപി ആയിരുന്നില്ല.

ആ സംസ്ഥാനങ്ങളിൽ മറ്റുള്ളവരുമായി കൂട്ടുചേർന്ന് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗിച്ചു.

കർണ്ണാടകയിൽ മറ്റൊരു നിലപാടും. അവസരവാദമേ നിന്റെ പര്യായമോ ബിജെപി! ജനാധിപത്യവും ജനഹിതവും അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അണിനിരക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News