ചെങ്ങന്നൂരും കര്‍ണാടകയും പരിശോധിക്കുമ്പോള്‍; കോടിയേരി എ‍ഴുതുന്നു

ഏത് ഉപതെരഞ്ഞെടുപ്പുകൾക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുപ്രകാരം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനും പ്രാമുഖ്യമുണ്ട്. നിയമസഭാംഗമായിരുന്ന സിപിഐ എം നേതാവ‌് കെ കെ രാമചന്ദ്രൻനായരുടെ അകാല വേർപാട് കാരണമാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടിവന്നത്. സംസ്ഥാനത്തെ ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തായിരുന്നു. അത് 1958ലാണ്. അന്ന് ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ നിലനിൽപ്പും ദേവികുളം ജനവിധിയും ബന്ധിതമായിരുന്നു. ഒരു സീറ്റിന്റെ നഷ്ടംപോലും ഭൂരിപക്ഷത്തെ ബാധിക്കുന്ന സ്ഥിതിയായിരുന്നു. ഇന്ന് അപ്രകാരമൊരു അവസ്ഥയില്ല. എന്നാൽ, അന്നത്തെപ്പോലെ ഇന്നും ഇടതുപക്ഷ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന പ്രബുദ്ധത വോട്ടർമാർ പ്രകടപ്പിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഞങ്ങൾക്കുള്ളത്.

കർണാടക തെരഞ്ഞെടുപ്പ് ഫലവും അനന്തര സംഭവവികാസങ്ങളും ചെങ്ങന്നൂരിൽ സ്വാഭാവികമായി പ്രചാരണവിഷയമായിട്ടുണ്ട്. വോട്ടെണ്ണൽ നടക്കുമ്പോൾ ഉച്ചവരെ ബിജെപിക്കാരുടെ ആഹ്ലാദപ്രകടനങ്ങൾ ഇവിടെയുമുണ്ടായിരുന്നു. വൈകിട്ട‌് ‘വിക്ടറി റാലി’ സംഘടിപ്പിക്കാനും പരിപാടിയുണ്ടായിരുന്നു.

പക്ഷേ, ഡൽഹിയിലും കർണാടകത്തിലും നട്ടുച്ചയ്ക്ക് ആഘോഷങ്ങൾക്ക് ‘കട്ട്’ പറഞ്ഞപ്പോൾ അത് ചെങ്ങന്നൂരിലും ബാധകമായി. അമിത്ഷായുടെ പത്രസമ്മേളനംപോലും, ബിജെപി പിന്നോക്കം പോയതിനെത്തുടർന്ന് റദ്ദുചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ താമരവിരിയുമെന്ന പ്രതീക്ഷ തകരുന്നതായി കർണാടക ഫലം.

കേവലഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപിക്ക് അതിലെത്താൻ കഴിയാതെ 104 സീറ്റിൽ ഇടിച്ചുനിന്നു. 78 സീറ്റിലെത്തിയ കോൺഗ്രസും 37 സീറ്റ് നേടിയ ജെഡിഎസും ചേർന്നാൽ 115ന്റെ ഭൂരിപക്ഷമായി. ഈ സഖ്യത്തിനെ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കുകയാണ് ഭരണഘടനയോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഗവർണർ ചെയ്യേണ്ടത്.

സഭയിലെ വലിയ കക്ഷിയെന്നതിന്റെ മറവിൽ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കുകയും കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷമുറപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയെന്ന ഏറ്റവും ഹീനമായ ജനാധിപത്യവിരുദ്ധ നടപടിയാണ‌് കേന്ദ്രസർക്കാരും അതിന്റെ ചട്ടുകമായ ഗവർണറും സ്വീകരിച്ചിരിക്കുന്നത്. ഇപ്രകാരം ജനാധിപത്യത്തെ അവമതിക്കുന്ന ബിജെപിക്കെതിരായ ജനാധിപത്യ ശബ്ദം ചെങ്ങന്നൂരിൽ ഉയരും.

കർണാടകത്തിൽ തൂക്കുസഭ ഉണ്ടാകുമെന്ന് പോൾ സർവേ പ്രവചിച്ചെങ്കിലും കോൺഗ്രസ‌് വലിയ ഒറ്റക്കക്ഷിയാകുമെന്നായിരുന്നു അനുമാനം. അത് പാളി. 122 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 78 സീറ്റിൽ ഒതുങ്ങിയത് എന്തുകൊണ്ടാണ് ? മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ട‌് സീറ്റിലൊന്നായ ചാമുണ്ഡേശ്വരിയിൽ 36,042 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെഡിഎസ് സ്ഥാനാർഥി ജെ ടി ദേവഗൗഡയാണ‌് ജയിച്ചത‌്.

ബദാമിയിൽ ജയിച്ചതാകട്ടെ 1696 വോട്ടിനും. ബിജെപിയുടെ തീവ്രഹിന്ദുത്വനയത്തെ മതനിരപേക്ഷതയുടെ നിലപാട് തറയിൽനിന്നുകൊണ്ട് നേരിടാൻ സിദ്ധരാമയ്യക്കും രാഹുൽഗാന്ധിക്കും കോൺഗ്രസിനും കഴിഞ്ഞില്ല. നോട്ട് നിരോധനം, ഇന്ധനവില വർധന, ജിഎസ്ടി, കർഷക ആത്മഹത്യ, സംഘപരിവാറിന്റെ വർഗീയഭ്രാന്തൻ നടപടികൾ, ദളിത് ആക്രമണം, ഗൗരിലങ്കേഷ്‐കലബുർഗി കൊലപാതകങ്ങൾ ഇതൊന്നും ചർച്ച ചെയ്യാൻ താൽപ്പര്യം കാട്ടിയില്ല. പകരം മൃദുഹിന്ദുത്വംകൊണ്ടാണ് നേരിട്ടത്.

അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണം ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ പിടിച്ചുകെട്ടുന്നതായിരുന്നില്ല. മോഡിയെ നേരിടാനിറങ്ങിയ രാഹുൽ ഗാന്ധി എല്ലാ ദിവസവും രാവിലെ അമ്പലങ്ങളിൽ കയറിയതിനുശേഷമാണ് പര്യടനം തുടങ്ങിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ കൈലാസത്തിൽ പോകുമെന്നും രാഹുൽ പറഞ്ഞു. മൃദുഹിന്ദുത്വ അജൻഡയിൽ ഊന്നി ബിജെപി‐ ആർഎസ്എസ് തീവ്രഹിന്ദുത്വത്തെ തളയ്ക്കാമെന്ന നയം വീണ്ടും പിഴച്ചു. ഇതാണ് കർണാടക ജനവിധി നൽകുന്ന സന്ദേശം.

മതന്യൂനപക്ഷമായ ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നൽകി അവരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലും പിഴച്ചു. ലിംഗായത്തുകാർ തുണച്ചതുമില്ല, ദളിത് പിന്നോക്കവിഭാഗങ്ങൾ കോൺഗ്രസിനെ കൈവിടുകയും ചെയ്തു. അത് ഈ ഭരണനടപടികൊണ്ടുമാത്രമല്ല, അഞ്ചുവർഷത്തെ കോൺഗ്രസ‌് ഭരണംതന്നെ കോർപറേറ്റുകൾക്കും ഉദാരവൽക്കരണശക്തികൾക്കുംവേണ്ടി തീറെഴുതിയതിന്റെ ഫലമായിരുന്നു. ഇതുവഴി ജനങ്ങൾ കോൺഗ്രസിൽനിന്ന് അകന്നു.

ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസുമായി സഖ്യംകൂടാതെ പൊരുതിയ ജെഡി എസ‌് 37 സീറ്റ് നേടിയത് ശുഭസൂചനയാണ്. മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും ബിജെപിയുടെ വർഗീയനടപടികളെയും വിട്ടുവീഴ്ചകൂടാതെ എതിർക്കുന്ന കമ്യൂണിസ്റ്റുകാരെ ഹിന്ദുവിരുദ്ധരും ദേശവിരുദ്ധരുമായി ചിത്രീകരിക്കാൻ ആർഎസ്എസ‌് പരിശ്രമിക്കുമ്പോൾ, കോൺഗ്രസിന്റെ ദുർനയങ്ങളെ തുറന്നുകാട്ടുന്ന കമ്യൂണിസ്റ്റുകാരെ ബിജെപിയെ സഹായിക്കുന്നവരെന്ന വക്രീകരണമാണ് കോൺഗ്രസുകാർ നടത്തുന്നത്.

ഇതിൽ രണ്ടിലും ചൂളാതെ നാടിന്റെ ഭാവിക്കും നാട്ടുകാരുടെ ക്ഷേമത്തിനും ഉപകാരപ്രദമായ നയങ്ങളുമായാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്. രാവിലെ കോൺഗ്രസുകാരായി വീട്ടിൽനിന്നിറങ്ങുന്നവർ, വൈകിട്ട് വീട്ടിലെത്തുമ്പോൾ ബിജെപിയായി മാറുന്നുവെന്ന കുറ്റസമ്മതം കുറച്ചുനാളുകൾക്കുമുമ്പ് എ കെ ആന്റണി നടത്തിയിരുന്നു. ത്രിപുരയിലെ കോൺഗ്രസ‌് ഒന്നടങ്കം ബിജെപി ആകുന്നതിനുമുമ്പായിരുന്നു ആന്റണി ഇത് പറഞ്ഞത്. ഇപ്പോൾ കർണാടകത്തിൽ ജയിച്ച കോൺഗ്രസ‌് എംഎൽഎമാരിൽ ചിലരെങ്കിലും ബിജെപിയുടെ ചാക്കിൽ കയറിയിരിക്കുന്നുവെന്നാണ‌് സൂചന.

ആന്റണിയുടെ മുന്നറിയിപ്പ് നേരായിരിക്കുന്നു.
കർണാടകത്തിൽ പയറ്റിയ നയംതന്നെയാണ് കോൺഗ്രസ‌് ചെങ്ങന്നൂരിലും ഉപയോഗിക്കുന്നത്. ബിജെപി സ്ഥാനാർഥി അഡ്വ. ശ്രീധരൻ പിള്ളയെ രംഗത്തിറക്കിയത് ആർഎസ്എസാണ്.

ഇതിനെ നേരിടാൻ കോൺഗ്രസ് കണ്ട ഉപായം മൃദുഹിന്ദുത്വത്തിന്റേതാണ്. അവരുടെ സ്ഥാനാർഥിത്വംതന്നെ അത് വ്യക്തമാക്കുന്നു. സംഘപരിവാറിനെയും ഹിന്ദുത്വശക്തികളെയും പ്രീതിപ്പെടുത്താൻ പാകത്തിൽ ഹിന്ദുത്വ സംഘടനയുടെ ഭാരവാഹിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.

നേരത്തെ ഇതേ മണ്ഡലത്തിൽനിന്ന‌് ജയിച്ച പി സി വിഷ്ണുനാഥിനെ ഒഴിവാക്കി. മുൻ എംഎൽഎ എം മുരളിയുടെ പേര് പ്രഖ്യാപിച്ചശേഷം വേണ്ടെന്നുവച്ചതും ഹിന്ദുത്വശക്തികളുമായി കോൺഗ്രസ് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ്.

എന്നാൽ, മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ടുള്ള രാഷ്ട്രീയനിലപാടാണ് സ്ഥാനാർഥിത്വത്തിലും എൽഡിഎഫ് സ്വീകരിച്ചത്. അതു പ്രകാരമാണ് സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്ഥാനാർഥിയായത്. നാടിന്റെ വികസനത്തിനും ജനാധിപത്യ സംരക്ഷണത്തിനും സമാധാന ജീവിതത്തിനും എൽഡിഎഫ് വിജയിക്കണം.

അത് കേരള രാഷ്ട്രീയത്തിന്റെ പുരോഗമനപരമായ ദിശയെ ശക്തിപ്പെടുത്താൻ ആവശ്യമാണ്. രണ്ടുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെയും അഴിമതിരഹിത ഭരണത്തെയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണ നടപടികളെയും വികസനത്തെയും ശക്തിപ്പെടുത്താൻ എൽഡിഎഫ് സ്ഥാനാർഥിയെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ പ്രബുദ്ധരായ വോട്ടർമാർ തയ്യാറാകും.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മുൻകാലത്ത് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് എൽഡിഎഫ‌് നേടി. ത്രിപുരയ്ക്കു പിന്നാലെ കേരളം പിടിക്കുമെന്നും അതിനുള്ള സന്ദേശമാകും ചെങ്ങന്നൂർ നൽകാൻ പോകുന്നതെന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 42,000 വോട്ട് ശ്രീധരൻപിള്ള ഇവിടെനിന്ന‌് നേടി. ഇക്കുറി അതിന്റെ പകുതി വോട്ട് കിട്ടുമോയെന്ന് കണ്ടറിയാം.

ബിജെപി ‐ ബിഡിജെഎസ് ഉൾപ്പെടെയുള്ള കക്ഷികളുടെ കൂട്ടുകെട്ടിന്റെ സ്ഥാനാർഥിയായിരുന്നു അന്ന് ശ്രീധരൻപിള്ള. പക്ഷേ, ഇപ്പോൾ ബിഡിജെഎസ് പാതിപിണക്കത്തിലും എസ്എൻഡിപി യോഗനേതൃത്വം പരസ്യമായി അതൃപ്തിയിലുമാണ്. മോഡി ഭരണത്തോടുള്ള അസംതൃപ്തി വളർന്നിട്ടുമുണ്ട്. അതെല്ലാം വോട്ടിൽ പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് അല്ല ഇപ്പോഴത്തേത്. കെ എം മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം, എം പി വീരേന്ദ്രകുമാർ നയിക്കുന്ന ജെഡിയു എന്നീ കക്ഷികൾ ഇല്ലാത്ത യുഡിഎഫിന്റെ സ്ഥാനാർഥിയാണ് മത്സരരംഗത്തുള്ളത്. ആ ശക്തിക്കുറവ് യുഡിഎഫിനെ സ്വാഭാവികമായി ദോഷകരമായി ബാധിക്കും.

സോളാർ അഴിമതിക്കേസിലെ പ്രതി പേരുകാരായ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, പി സി വിഷ്ണുനാഥ് എന്നിവർ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. അവർ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ‌് തോറ്റുവെന്നാണ് മാധ്യമ വാർത്ത. ഇതിനിടെ ഇവർ ഉൾപ്പെട്ട സോളാർ കേസിൽ ഹൈക്കോടതിയിൽനിന്ന‌് വന്ന ഉത്തരവ് ഉമ്മൻചാണ്ടിയാദികൾക്ക് സന്തോഷം പകരുന്നതാണെന്ന ചിത്രീകരണവുമുണ്ടായിട്ടുണ്ട്.

കമീഷൻ റിപ്പോർട്ട് നിയമപരമല്ലെന്നും, അത് കോടതി റദ്ദാക്കുമെന്നുമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷയാണ് ഹൈക്കോടതി വിധിയോടെ പൊലിഞ്ഞിരിക്കുന്നത്. സരിതാ നായരുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയത് ഒഴികെയുള്ള എല്ലാ കേസും അന്വേഷിച്ച് നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. സോളാർ കേസിൽ കൂടുതൽ പ്രതിരോധത്തിലായിരിക്കുന്ന ഉമ്മൻചാണ്ടിയാദികൾ ചെങ്ങന്നൂരിൽ പ്രചാരണം നടത്തുന്നതുകൊണ്ട് യുഡിഎഫിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News