“കുട്ടിക്കാലത്ത് ആ ശബ്ദം കേട്ടാണ് ഞാനും എനിക്കു മുമ്പുള്ള തലമുറയും വളർന്നത്; ‘നല്ല ഉച്ചാരണമെന്തെന്ന് ,ഭാവം എങ്ങനെ ശബ്ദത്തിൽ കൊണ്ടുവരണമെന്ന്, ശബ്ദ നിയന്ത്രണമെന്തെന്ന് പഠിപ്പിച്ച ശബ്ദം”

കുട്ടിക്കാലത്ത് ആ ശബ്ദം കേട്ടാണ് ഞാനും എനിക്കു മുമ്പുള്ള തലമുറയും വളർന്നത്.
‘നല്ല ഉച്ചാരണമെന്തെന്ന് ,ഭാവം എങ്ങനെ ശബ്ദത്തിൽ കൊണ്ടുവരണമെന്ന് ,ശബ്ദ നിയന്ത്രണമെന്തെന്ന് പഠിപ്പിച്ച ശബ്ദം – ടി പി രാധാമണിയെപ്പറ്റി രാധിക സി. നായർ.

രാധികയുടെ കുറിപ്പു വായിക്കാം:

“ഏറ്റവും ദു:ഖഭരിതമായ ഒരു രാത്രി

ഈ ഫോട്ടോകളിൽ ഞാനാർക്കൊപ്പം നിന്നാണോ സ്വയം അഭിമാനിച്ചത് ആ ആൾ നമ്മെ വിട്ടു പോയിരിക്കുന്നു.

മഴ തിമിർത്തു പെയ്ത ഈ രാത്രിയിൽ രണ്ടു ഫോൺ കോളുകൾക്കിടയിലെ 2 മിനിട്ട് വ്യത്യാസത്തിൽ ആകാശവാണി ശ്രോതാക്കളെ കോരിത്തരിപ്പിച്ച ആ വശ്യമധുരശബ്ദം ഓർമയായി.

തിരുവനന്തപുരം ആകാശവാണിയിലെ സീനിയർ വോയ്സ് ആർട്ടിസ്റ്റായിരുന്ന ടി.പി രാധാമന്നി (84) വാർദ്ധക്യസഹജമായ രോഗ ബാധകളാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി കിടപ്പിലായിരുന്നു.

ഒരു മാസം മുമ്പ് എല്ലാ മാസവുമുള്ള ചെക്കപ്പിന് തിരുവനന്തപുരത്തെ പാളയത്ത് ജൂബിലി ഹോസ്പിറ്റലിലെത്തിയപ്പോളാണ് ഞാൻ അമ്മയെ അവസാനമായി കണ്ടത്.

എന്റെ പ്രിയപ്പെട്ട നന്ദേട്ടന്റെ ആ പ്രിയപ്പെട്ട അമ്മയ്ക്ക് ഏറെ പ്രിയമുള്ള ഒരാളായിരുന്നു ഞാൻ.
ബോധാബോധങ്ങൾക്കിടയിലെ ഒരുണർവിൽ അമ്മ ഞാൻ ആദ്യമായുണ്ടാക്കിയ പുളിഞ്ചിക്കപ്പായസം കുടിച്ചു.

എനിക്കറിയാം പറ്റിക്കയൊന്നും വേണ്ട ചിത്ര അല്ലേ എന്നു ചോദിച്ചു. ആ സമയത്ത് അമ്മയുടെ ബോധത്തിന് അൽപനേരം ക്ഷീണമുണ്ടായെങ്കിലും അടുത്ത നിമിഷം വേഗം പൊയ്ക്കോളൂ ഇനി അത്രേം ദൂരം പോണ്ടേ രാത്രിയിലെന്ന് ഉത്കണ്ഠപ്പെട്ടു.

എല്ലാ ദിവസവും അമ്മയുടെ ആരോഗ്യസ്ഥിതിയുടെ അപ്ഡേറ്റ്സ് നന്ദേട്ടൻ പറഞ്ഞിരുന്നു. അനിവാര്യമായ യാത്രയാണ് എങ്കിലും ഒന്നും പറയാതെ പോയ പോലെ.

ഏതാണ്ട് നാലുപതിറ്റാണ്ടാണ് ആ സ്വരമാധുരി ആകാശവാണിയിലൂടെ ലക്ഷക്കണക്കായ ശ്രോതാക്കളെ ‘ വശീകരിച്ചത്.

‘ഇത്രേം സ്പീഡെന്തിന്? എനിക്ക് പറഞ്ഞത് മനസ്സിലായേ ഇല്ലെന്ന് എന്നെ തിരുത്തി അമ്മ സ്ഫുടമായി സംസാരിച്ചു കേൾപ്പിച്ചു .

ഒരുപാടു കഥകൾ ആകാശവാണിയുമായി ബന്ധപ്പെട്ടു പറയാനുണ്ടെന്ന് എന്നെ കൊതിപ്പിച്ചു. പാവാടക്കാരിയായി സ്കൂളിൽ പോയതു മുതൽ ആകാശവാണിയിൽ ഇ.എം.ജെ വെണ്ണിയൂർ ,ജഗതി എൻ.കെ.ആചാരി ,

സി.എസ് രാധാദേവി ,വീരരാഘവൻ നായർ പി.ഗംഗാധരൻ നായർ (അമ്മയുടെ ഭർത്താവ്) എന്നിവരൊത്തുള്ള പ്രക്ഷേപണ കഥകൾ വരെ പറഞ്ഞു രസിപ്പിച്ചു.

ശബ്ദസൗന്ദര്യത്താൽ വശീകരിക്കപ്പെട്ട് കാണാൻ വന്ന യുവാവിനെക്കുറിച്ചു പറഞ്ഞു ചിരിപ്പിച്ചു. ‘
വിവാഹശേഷം, മക്കൾ മുതിർന്നതിനു ശേഷം ശബ്ദം കേട്ടു യുവാക്കൾ മോഹിച്ചെഴുതിയ പ്രണയക്കത്തുകളുടെ കാര്യം പറഞ്ഞു നാണിപ്പിച്ചു.

എന്റെ മകൾ ആകാശവാണിയിൽ ഉദ്യോഗസ്ഥയായി എന്നു പറഞ്ഞപ്പോൾ എനിക്കൊപ്പം അഭിമാനിച്ചു. ഇളയമകൾ ഫോട്ടോയ്ക്ക് പോസു ചെയ്യാൻ പറഞ്ഞപ്പോൾ ഒരു മടിയും കാണിക്കാതെ മകന്റെ ബൈക്കിൽ പിടിച്ചു ഫോട്ടോയ്ക്ക് പോസു ചെയ്തു സഹകരിച്ചു.

കടുത്ത പ്രമേഹമുണ്ടായിട്ടും ഹൽവയും ഉള്ളിവടയും പ്രഥമനും കഴിക്കാൻ ഉത്സാഹിച്ചു.
കമ്പിളിനൂലിൽ കുഞ്ഞുടുപ്പും സോക്സും തൊപ്പിയും തുന്നിത്തന്ന് എന്നെ വിസ്മയിപ്പിച്ചു.
പാവകൾ തയ്ച്ചതു കാണിച്ചെന്നെ മോഹിപ്പിച്ചു .
ഇടയ്ക്കിടെ ഫോൺ വിളിച്ച് രാധികയല്ലേ എന്നു ശബ്ദം മാറ്റിച്ചോദിച്ച് കബളിപ്പിച്ചു…
‘എന്നിട്ട് ഒരു മഴയത്ത് ഒരു യാത്ര പോലും പറയാതെ പോയി എന്നെ കരയിച്ചു .

അമ്മേ ,ആകാശവാണിയിൽ കുട്ടിക്കാലത്ത് ആ ശബ്ദം കേട്ടാണ് ഞാനും എനിക്കു മുമ്പുള്ള തലമുറയും വളർന്നത്. ‘നല്ല ഉച്ചാരണമെന്തെന്ന് ,ഭാവം എങ്ങനെ ശബ്ദത്തിൽ കൊണ്ടുവരണമെന്ന് ,ശബ്ദ നിയന്ത്രണമെന്തെന്ന് പഠിച്ചത് ആ ശബ്ദം കേട്ടാണ്. വിട പറയുന്നില്ല . ഓർമയുള്ള കാലത്തോളം ഞാൻ സ്നേഹിച്ചു കൊണ്ടിരിക്കും’

പ്രാർത്ഥനാഞ്ജലികണ്ണേട്ടന്റെ, നന്ദേട്ടന്റെ ,ഇന്ദുവേച്ചിയുടെ ലൗലിചേച്ചിയുടെ, ഹേമയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News