ലോകകപ്പിനെത്തുമ്പോള്‍ ജര്‍മ്മനി ഒന്നാം സ്ഥാനത്തുതന്നെ; തൊട്ടുപിന്നാലെ ബ്രസീല്‍; അര്‍ജന്‍റീന ഏറെ പിന്നില്‍

റഷ്യയില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവിലെ ജേതാക്കളായ ജര്‍മിനി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഇക്കുറി കപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്‍റീനയുടെ ഫുട്ബോള്‍ മിശിഹ ലയണല്‍ മെസിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യോയുമൊക്കെ വിലയിരുത്തുന്ന ബ്രസീലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

1544 പോയിന്‍റുമായി ജര്‍മിനി ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണ്. 1384 പോയിന്‍റുമാത്രമാണ് ബ്രസീലിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബെല്‍ജിയവുമായി (1346) ബ്രസിലിന് 38 പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്.

ബാലണ്‍ ഡി യോര്‍ പുരസ്കാരം നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് നാലാം സ്ഥാനത്തുള്ളത്. 1306 പോയിന്‍റാണ് പോര്‍ച്ചുഗലിനുള്ളത്.

നിലവിലെ റണ്ണറപ്പായ ലയണല്‍ മെസിയുടെ അര്‍ജന്‍റീന 1254 പോയിന്‍റുകളോടെ അഞ്ചാം സ്ഥാനത്താണ്. സ്വിറ്റ്സര്‍ലന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ചിലി, പോളണ്ട് എന്നീ ടീമുകളാണ് ആദ്യ പത്തില്‍ സ്ഥാനം നേടിയത്.

അതേ സമയം തുടര്‍ച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നിലനിര്‍ത്തി. റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്  ഇന്ത്യ.

മാര്‍ച്ചില്‍ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലിലാണ് പോയിന്‍റ് നില മെച്ചപ്പെടുത്തി 97-ലെത്തിയത്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്.

ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനോടായിരുന്നു മത്സരം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോല്‍വി ഫിഫ റാങ്കിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News