ആ 56 മണിക്കൂര്‍: ദേശീയ രാഷ്ട്രീയം മുള്‍മുനയില്‍ നിന്ന നിമിഷങ്ങള്‍

ബംഗളൂരു: മൂന്നാം പക്കം മൂന്നു നാള്‍ തികക്കാതെയാണ് യെദ്യൂരപ്പ രാജി വെച്ചത്. ഗവര്‍ണര്‍ വാജ്‌പെയ് വാല, സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ചത് മുതലുള്ള 56 മണിക്കൂര്‍ കര്‍ണാടകയ്‌ക്കൊപ്പം ദേശീയ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു.

ബുധനാഴ്ച രാത്രി 9.30നാണ് ഏവരേയും ഞെട്ടിച്ചു കൊണ്ട് ഗവര്‍ണര്‍ വാജ്‌പെയ് വാല യെദ്യൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിക്കുന്നത്. ഒപ്പം15 ദിവസം ഭൂരിപക്ഷം തെളിയിക്കാനും അവര്‍ക്ക് അവസരം നല്‍കുന്നു. എന്നാല്‍, തത്സമയം യുക്തിപൂര്‍വ്വം കോണ്‍ഗ്രസ് അവിടെ ഇടപെട്ടു.

ഭൂരിപക്ഷമുള്ള കക്ഷിയെ വിളിക്കാതെ ബിജെപിയെ വിളിച്ച ഗവര്‍ണറുടെ നടപടി പക്ഷപാതപരവും ചട്ടം മറികടന്നുള്ളതാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയെ സമീപിച്ചു. രാത്രി 1.45 ന് കോടതി വാദം കേട്ടു. ഒരു രാത്രിമുഴുവന്‍ നീണ്ടുനിന്ന നടപടികള്‍ക്കൊടുവില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച കോടതി ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടുന്നില്ലെന്നും യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നും നിര്‍ദ്ദേശിക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച രാവിലെ 9.30ന് യെദ്യൂരപ്പ ഒറ്റക്ക് സത്യപ്രതിജ്ഞ ചെയ്തു.

അധികാരമേറ്റ യെദ്യൂരപ്പയാകട്ടെ പ്രതികാര നടപടിയും ആരംഭിച്ചു. കുതിരക്കച്ചവടം മുന്നില്‍ കണ്ട് ഈഗിള്‍ ടെന്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിപ്പിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് ആകട്ടെ അന്നു രാത്രി ബിജെപിയുടെ കുതിരക്കതച്ചവടത്തിന് വിട്ടു കൊടുക്കാതെ കോണ്‍-ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്കും പുതുച്ചേരിയിലേക്കും മാറ്റുന്നു.

വെള്ളിയാഴ്ച രാവിലെ വീണ്ടും ചേര്‍ന്ന കോടതിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

എന്നാല്‍, ശനിയാഴ്ച വൈകീട്ട് 4 മണിക്ക് തന്നെ യദ്യൂരപ്പ വിശ്വാസ വോട്ട് തേടണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കോടതിയുടെ ഈ ഉത്തരവ്.

അതോടെ ബിജെപിയുടെ തന്ത്രങ്ങള്‍ പാളുകയായിരുന്നു.ഇതിനു പിന്നാലെ സഭയുടെ പ്രോടേം സ്പീക്കറായി ബൊപ്പയ്യയെ നിയമിച്ചതിലും വിവാദം ഉടലെടുത്തു.

എന്നാല്‍ ശനിയാഴ്ച രാവിലെ ചേര്‍ന്ന കോടതി ബൊപ്പയ്യ സ്പീക്കറായി തുടരട്ടെയെന്ന് പറഞ്ഞു. ശേഷം 11 മണിക്ക് 195 എംഎല്‍എമാര്‍ സത്യവാചകം ചൊല്ലി.

ഇതിനിടയില്‍ വിശ്വാസ വോട്ട് തേടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യതയുണ്ടെന്ന പ്രചരണങ്ങള്‍ വരുന്നു. ഇത് ഉറപ്പിക്കുന്ന തരത്തില്‍ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി ചര്‍ച്ച നടത്തി.

വൈകിട്ട് 3.20ന് സഭ ചേരുകയും അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ക!ഴിയാത്തതിനാല്‍ രാജി വെക്കുന്നതായി യെദ്യൂരപ്പ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here