ആദ്യമായി മുംബൈയിലെത്തിയത് അധോലോകത്തിൽ ചേരാന്‍; അന്ന് വയസ്  പത്തൊമ്പത്; പിന്നീട് സംഭവിച്ചത് തുറന്ന് പറഞ്ഞ് ചെമ്പൻ വിനോദ് 

മഹാനഗരത്തിലെ വിശേഷങ്ങൾ പങ്കു വച്ച് മലയാളി താരങ്ങൾ മുംബൈയില്‍. മുംബൈയിൽ തരംഗിണി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മലയാള സിനിമാ ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങൾ.

നിരവധി സ്ഥലങ്ങളിൽ നിരന്തരം യാത്ര ചെയ്തിട്ടുണ്ടെങ്കിലും മുംബൈ നഗരത്തിൽ മാത്രം വരുവാൻ കഴിഞ്ഞിരുന്നില്ല . മഹാനഗരത്തിലെ വിശേഷങ്ങൾ പങ്കിട്ട് പ്രശസ്ത ചലച്ചിത്ര താരം മമത മോഹൻദാസ് മനസ്സ് തുറന്നു.  എന്നാൽ കിട്ടിയ രണ്ടു അവസരങ്ങളിലും ഭാഗ്യം സമ്മാനിച്ചിട്ടുള്ള നഗരം കൂടിയാണ് മുംബൈ .

മൈ ബോസ്, ടു കൺട്രിസ് എന്നീ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമത മുംബൈയിൽ എത്തുന്നത്. ചിത്രങ്ങൾ രണ്ടും വലിയ ഹിറ്റുകളായി മാറിയത് നഗരം സമ്മാനിച്ച ഭാഗ്യമായി മമത മനസ്സിൽ സൂക്ഷിക്കുന്നു.

എന്നാൽ ചെമ്പൻ വിനോദിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. പത്തൊമ്പതാം വയസ്സിൽ മനസ്സിൽ അധോലോക സ്വപ്നവുമായാണ് ചെമ്പൻ മുഹമ്മദലി റോഡിൽ എത്തുന്നത്.

കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. എന്നിട്ടും അണ്ടർ വേൾഡിലെ റിക്രൂട്ട് മെന്റ് ടെസ്റ്റിൽ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെ സംഗതി വർക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്ന കഥയും ചെമ്പൻ പങ്കു വച്ചു.

മുംബൈയുമായി ഏകദേശം പതിനേഴ് വർഷത്തെ നിരന്തര ബന്ധമാണ് തനിക്കുള്ളതെന്ന് ലാൽ ജോസ് പറഞ്ഞു. മുംബൈ തനിക്കൊരു സ്വപ്ന നഗരമായിരുന്നുവെന്നും വേദിയിൽ തന്റെ ഓർമ്മകൾ അയവിറക്കി ലാൽ ജോസ് പറഞ്ഞു.

ഗൾഫിൽ പോകാനെത്തിയതായിരുന്നു പ്രൊഡ്യൂസറും ഗാന രചയിതാവുമായ രാജീവ് നായർ, പക്ഷെ നഗരം കാത്തു വച്ചത് സിനിമാ ലോകവും. ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിലൂടെ നിർമ്മാതാവായും ഗാന രചയിതാവായും രാജീവ് ഈ മേഖലയിൽ സാന്നിധ്യമറിയിച്ചു.

മുതിർന്ന നടൻ രാഘവൻ വൈകാരികമായാണ് പുരസ്‌കാരം ഏറ്റു വാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തത്. തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ മുംബൈയിൽ നിന്നും ലഭിച്ച അംഗീകാരം ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവരെ കൂടാതെ ടോവിനോ തോമസ്, വിജയ രാഘവൻ, അനുശ്രീ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, നന്ദു പൊതുവാൾ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ, തുടങ്ങിയവരും മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും തരംഗിണി പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News