തുടര്‍ച്ചയായ രണ്ടാം തവണയും കിംഗ് മെസി; യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിനൊപ്പം സ്പാനിഷ് ട്രോഫിയും; ഇനിയെസ്റ്റ പടിയിറങ്ങിയതോടെ ബാ‍ഴ്സയുടെ നായകപട്ടവും മെസിക്ക്

ബാ‍ഴ്സലോണയുടെ അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസി മികച്ച ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നിലനിര്‍ത്തി. ബാ‍ഴ്സലോണ കിരീടം തിരിച്ചുപിടിച്ച സ്പാനിഷ് ലാ ലിഗയില്‍ 34 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് മെസി കരിയറില്‍ അഞ്ചാം തവണയും ഈ പുരസ്കാരം സ്വന്തമാക്കിയത്. ലാ ലിഗ ടോപ് സ്കോറര്‍ക്കുള്ള പിക്കിക്കി ട്രോഫിയും ഇത്തവണ മെസിക്കാണ്.

യൂറോപ്യന്‍, ജര്‍മന്‍, ഫ്രാന്‍സ് മുന്‍നിര ലീഗിലൊന്നിലും മുന്‍നിര താരങ്ങളാരും 34 ഗോളുകള്‍ നേടിയിട്ടില്ല. ഗോള്‍വേട്ടയില്‍ മെസിയെ പിന്തള്ളുമെന്ന് കരുതിയ ഈജിപ്തിന്‍റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് രണ്ട് മാസത്തിനിടെ നടന്ന മത്സരങ്ങളില്‍ നാല് ഗോളുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ സലയുടെ ഗോളുകള്‍ 32ല്‍ ഒതുങ്ങി. ഇതേകാലയളവില്‍ മെസിയാകട്ടെ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടി.

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ലാ ലിഗയിലെ ടോപ്‌സ്‌കോററായി മെസി തിരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യ എതിരാളിയും റയല്‍ മാഡ്രിഡ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എട്ട് ഗോള്‍ വ്യത്യാസത്തിലാണ് മെസി പിന്തള്ളിയത്. 2014-15 സീസണിനു ശേഷം ലാ ലിഗയിലെ ടോപ്‌സ്‌കോററാവാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല.

ഞായറാഴ്ച രാത്രി നടന്ന സ്പാനിഷ് ലീഗ് സീസണില്‍ റയല്‍ സോസിദാദിനെതിരെയായിരുന്നു ബാ‍ഴ്സയുടെ അവസാന മത്സരം. 67-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ മെസി 15 മിനിട്ടോളം ആന്ദ്രെ ഇനിയേസ്റ്റയ്ക്കൊപ്പം നിറഞ്ഞ് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.  ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഏക ഗോളിലായിരുന്നു ബാഴ്‌സയുടെ വിജയം.

ബാ‍ഴ്സയ്ക്ക് വേണ്ടി അവസാന മത്സരം കളിച്ച ഇനിയേസ്റ്റ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് മെസിയെ ആശ്ലേഷിച്ച്, ക്യാപ്റ്റന്‍ കൈപ്പട്ടയും കൈമാറി എല്ലാവരേയും അഭിവാദ്യം ചെയ്ത് കളത്തിന് പുറത്തിറങ്ങി. വരും സീസണുകളില്‍ ബാ‍ഴ്സയ്ക്ക് വേണ്ടി ഗോളുകള്‍ നേടുന്നതിനൊപ്പം കളിക്കളത്തിലെ തന്ത്രങ്ങള്‍ മെനയുന്നതും ഈ മിശിഹയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News