നിപ്പ വൈറസ്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി; സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി

കോഴിക്കോട് പേരാമ്പ്രയിൽ നിപ്പ വൈറസ് ബാധമുലമാണ് 3 രോഗികള്‍ മരിച്ചതെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ അടക്കം ചികിത്സ സംവിധാനങ്ങൾ സജ്ജം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും പിണറായി ചൂണ്ടികാട്ടി. ബോധവത്കരണം ആണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എല്ലായിടവും ജാഗ്രത നിർദേശിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചികിത്സയെക്കുറിച്ച് ആരും വേവലാതിപെടേണ്ടെന്നും സര്‍ക്കാര്‍ സുസജ്ജമായ സംവിധാനമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രികൾ അടക്കം എല്ലാരും ഒന്നിച്ചു നിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ്പ വൈറസിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സംശയമുയര്‍ന്നപ്പോള്‍ തന്നെ കേ ന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ലോക ആരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രം വിദഗ്ദ ടീമിനെ എത്തിക്കുമെന്നും എല്ലാ കരുതൽ നടപടികളും പുരോഗമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി അവലോകനം നടത്തുന്നുണ്ടെന്നു തൊ‍ഴില്‍ മന്ത്രി ടി.പി രാമകൃഷ്ണൻ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാം

നിപ്പ വൈസ് ബാധ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആരോഗ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതുകൊണ്ട് ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം.

വവ്വാലുകളില്‍ നിന്നാല്ലാതെ മറ്റ് ക്ഷുദ്രജീവികളിലൂടെ രോഗം പകരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here