നഴ്‌സുമാരുടെ മിനിമം വേതനം; സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി

നഴ്‌സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം മാനേജുമെന്റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നായിരുന്നു മാനേജുമെന്റുകളുടെ ആവശ്യം. എന്നാല്‍ ഹര്‍ജി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിജ്ഞാപനത്തിനെതിരായ മാനേജുമെന്റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്‍കി.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയിലും മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മധ്യ വേനലവധിയ്ക്ക് അടച്ച സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തള്ളണമെന്ന് കേസില്‍ തടസഹര്‍ജി നല്‍കിയ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണു ഉത്തരവ് പുറത്തിറക്കിയതെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നുമായിരുന്നു മാനേജുമെന്റുകളുടെ വാദം. ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News