സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല; നമ്മുടെ മക്കളെ നന്നായി നോക്കണേ; മരണവുമായി മല്ലിടവേ ലിനി ഭര്‍ത്താവിന് എഴുതിയ കത്ത്; കണ്ണീരോടെയേ കേള്‍ക്കാന്‍ ക‍ഴിയൂ ഈ വാക്കുകളേ 

സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…നമ്മുടെ മക്കളെ നന്നായി നോക്കമേ….പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. .., please…with lots of love ”
ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ ലിനി ഭര്‍ത്താവിന് എഴുതിയ കത്താണിത്.

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ ആ മാലാഖയുടെ മനസില്‍ മക്കളും ഭര്‍ത്താവും കുടുംബവും മാത്രമായിരുന്നു.

ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന സജീഷ് വിവരമറിഞ്ഞു ഓടിയെത്തിയെങ്കിലും പ്രിയപ്പെട്ടവളെ ചില്ലുമറയ്ക്ക് പുറത്തുനിന്ന് ഒന്ന് കാണാനേ കഴിഞ്ഞുള്ളു.

ജോലിക്ക് പോയ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ലിനിയുടെ രണ്ടു കുഞ്ഞുമക്കള്‍. രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥിനും അഞ്ചു വയസുകാരന്‍ റിഥുലിനും അറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയ കാര്യം . വിദേശത്തുള്ള അച്ഛന്‍ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് റിഥുലും സിദ്ദാര്‍ഥും.

ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുമെങ്കിലും, ജോലിത്തിരക്ക് കാരണം ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍. ഇളയമകന്‍ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. അനുശോചനമറിയിക്കാന്‍ വീട്ടിലെത്തുന്നവര്‍ക്ക് നൊമ്പരകാഴ്ചയായി മാറുകയാണ് ഈ കുഞ്ഞുമക്കള്‍.

ആതുരശുശ്രൂഷ മാത്രം ജീവിതലക്ഷ്യമായി കണ്ടാണ് ലിനി നഴ്‌സാവാന്‍ ഇറങ്ങിത്തിരിച്ചത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ലോണെടുത്തു ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങ് പൂര്‍ത്തിയാക്കി. വന്‍തുക വായ്പയെടുത്താണ് ലിനി പഠിച്ചത്.

പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്‌തെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. ലോണ്‍ തിരിച്ചടവ് പോലും ദുഷ്‌ക്കരമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം.

അതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ചും രോഗീപരിചരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു ലിനി. ഈ ആത്മാര്‍ഥ സേവനത്തിന് അവസാനം സ്വന്തം ജീവിതം തന്നെ നല്‍കേണ്ടിവന്നു ലിനിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News