വാക്ക് പാലിച്ച് മുഖ്യമന്ത്രി പിണറായി; രണ്ടാം ക്ലാസുകാരന്‍ ഫൈസാന്‍ മുഖ്യമന്ത്രിയെ കണ്ടു; പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ്

പുതുനഗരം എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫൈസാന്‍ ബിന്‍ ഫിറോസ് മുഖ്യമന്ത്രിയെ കാണുന്നത് രണ്ടാം തവണയാണ്. ആദ്യ തവണ കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ചും പിന്നെ കഴിഞ്ഞ ദിവസം പാലക്കാട് വെച്ചും.

കോഴിക്കോട് വെച്ച് ആദ്യ കൂടിക്കാഴ്ചയില്‍ പറയാന്‍ ക!ഴിയാതെ പോയ കാര്യം ഫൈസാന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോള്‍ ഒരു കാര്യം പറയാനുണ്ട് മൈക്ക് തരുമോ എന്നായിരുന്നു ഫൈസാന്റെ ആദ്യ ചോദ്യം. കൈപിടിച്ച് ചേര്‍ത്ത് നിര്‍ത്തി മൈക്ക് വേണ്ട നേരിട്ട് പറയാലോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്ലാസ്റ്റിക് കുന്നുകൂടുന്നതും പൊതു സ്ഥലങ്ങളില്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഈ കൊച്ചു മിടുക്കന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.

പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. സമീപത്തെ പ്ലാസ്റ്റിക് ശേഖരിച്ച് സ്‌കൂളിലെത്തിച്ച് സംസ്‌ക്കരിക്കാന്‍ നടപടിയുണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഉടന്‍ നിര്‍ദേശിച്ചു.

സ്‌കൂളിലാകെ രണ്ട് ക്ലാസ് മുറി മാത്രമേയുള്ളൂവെന്നും അത് കൂട്ടാന്‍ എന്തു ചെയ്യുമെന്നുമായിരുന്നു ഫൈസാന്റെ അടുത്ത ചോദ്യം. ആ പ്രശ്‌നത്തിനും ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സന്തോഷത്തോടെ കൈയ്യില്‍ കരുതിയിരുന്ന പേരമരത്തിന്റെ തൈ മുഖ്യമന്ത്രിക്ക് സമ്മാനിച്ചാണ് ഫൈസാന്‍ മടങ്ങിയത്.

ഹരിത കേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കത്തയച്ച് നേരത്തെ സമ്മാനം നേടിയ പുതുനഗരം ജിഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫൈസാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫൈസാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എല്‍പി വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് ഫൈസാന് ലഭിച്ചത്.

അന്ന് കോഴിക്കോട് വെച്ച് നടന്ന പുരസ്‌ക്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാനുണ്ടെന്ന് ഫൈസാന്‍ പറഞ്ഞെങ്കിലും സമയപരിമിധി മൂലം പാലക്കാടെത്തിയാല്‍ നേരിട്ട് കാണാമെന്ന് മുഖ്യമന്ത്രി ഫൈസാന് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പാലിച്ചത്.

സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും പിതാവ് ഫിറോസ് ഖാനുമൊപ്പമാണ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്ത് മുഖ്യമന്ത്രിയെ കാണാന്‍ ഫൈസാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News