തൂത്തുക്കുടി വെയിവെയ്പ്പ് ആസൂത്രിതം; വെടിവെച്ചത് സാധാരണ വേഷത്തിലെത്തി പരിശീലനം നേടിയ ഷൂട്ടര്‍; സമരക്കാരെ ഉന്നംവെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൂത്തുക്കുടി വെയിവെയ്പ്പ് ആസുത്രിതമെന്ന് ആരോപണം. സാധാരണ വേഷത്തിലെത്തിപരിശീലനം നേടിയ ഷൂട്ടര്‍  സമരക്കാരെ ഉന്നംവെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തമിഴ‌്നാട്ടിലെ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർപ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് നടത്തിയ വെടിവയ‌്പിൽ 12 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌് മാർച്ചിനുനേരെയാണ‌് വെടിവയ‌്പുണ്ടായത‌്.

വെടിവയ‌്പിലും ലാത്തിച്ചാർജിലും 40 പൊലീസുകാർ അടക്കം ഇരുനൂറിലേറെ പേർക്ക‌് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കുണ്ട‌്. കൊല്ലപ്പെട്ടവരിൽ രണ്ടു യുവതികളും 17വയസുള്ള വിദ്യാർഥിയും ഉൾപ്പെടുന്നു. തമിഴ‌രശൻ, വിനീത, ഷൺമുഖം, ഗ്ലാഡ‌്സ‌്റ്റൺ, വെനിസ‌്ത, ആന്റണി, ജയറാം, കണ്ടയ്യ, മണിരാജ‌് എന്നിവർ മരിച്ചവരിൽപ്പെടും.

വെടിയേറ്റ അഞ്ചുപേർ അതീവ ഗുരുതരനിലയിൽ തൂത്തുക്കുടി സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത‌്. പരിക്കേറ്റവരിൽ 20 പേരുടെ നില ഗുരുതരമാണ‌്. പൊലീസ‌് വാഹനവും നിരവധി ബൈക്കും അഗ്നിക്കിരയാക്കി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തൂത്തുക്കുടി കലക്ടർ എൻ വെങ്കിടേഷ‌് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഉത്തരവിട്ടു.

കടുത്ത പാരിസ്ഥിതിക പ്രശ‌്നങ്ങളും മലിനീകരണവും ആരോഗ്യപ്രശ‌്നങ്ങളും ഉണ്ടാക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർപ്ലാന്റ‌് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട‌് ഫെബ്രുവരി അവസാനവാരംമുതൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ‌്. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ‌് ചൊവ്വാഴ‌്ച കലക്ടറേറ്റ‌് മാർച്ച‌് സംഘടിപ്പിച്ചത‌്. നിരോധനാജ്ഞ ലംഘിച്ച‌് ഇരുപതിനായിരത്തിലേറെ പേർ അണിനിരന്ന മാർച്ച‌് കലക്ടറേറ്റ‌് പരിസരത്ത‌് എത്തുന്നതിനുമുമ്പ‌് പൊലീസ‌് തടഞ്ഞതോടെ സംഘർഷമായി. തുടർന്ന‌് പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പൊലീസ‌് ലാത്തിച്ചാർജ‌് നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ജനങ്ങൾക്കുനേരെ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടയിലാണ‌് പൊലീസ‌് വെടിവച്ചത‌്.

വെടിവയ‌്പിൽ ആറുപേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ‌് തൂത്തുക്കുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നുപേർ രാത്രി ഏഴരയോടെ മരിച്ചു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന‌് ആശുപത്രി അധികൃതർ പറഞ്ഞു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു. സ്ഥലത്ത‌് രണ്ടായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചു.

പൊലീസ‌് വെടിവയ‌്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക‌് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക‌് മൂന്നു ലക്ഷവും മറ്റുള്ളവർക്ക‌് ഒരു ലക്ഷം രൂപവീതവും ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട‌്.

സ്ഥലത്ത‌് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ‌്. തമിഴ‌്നാട‌് ഡിജിപി ടി കെ രാജേന്ദ്രൻ, കലക്ടർ എൻ വെങ്കിടേഷ‌്, ദക്ഷിണമേഖലാ ഐജി ശൈലേഷ‌്കുമാർ യാദവ‌് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ‌്‐ ഉദ്യോഗസ്ഥസഘം സ്ഥലത്ത‌് ക്യാമ്പ‌് ചെയ്യുന്നു. കമ്പനി അടച്ചുപൂട്ടാതെ പ്രക്ഷോഭരംഗത്തുനിന്ന‌് പിന്മാറില്ലെന്ന‌് പ്രവർത്തകർ പറഞ്ഞു.കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് മുഖ്യമന്ത്രി രാജിവയ‌്ക്കണമെന്ന്‌ സിപിഐ എം തമിഴ‌്നാട‌് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന‌് മക്കൾ നീതി മയ്യം നേതാവ‌് കമൽ ഹാസനും നടൻ രജനികാന്തും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News