സിപിഐഎം പിന്തുണച്ചു; അവിശ്വാസപ്രമേയം പാസായി; പാലക്കാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനവും ബിജെപിക്ക് നഷ്ടമായി

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനവും ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം സിപിഐഎം പിന്തുണയോടെ പാസായി. ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയില്‍ നാലാമത്തെ സ്ഥിരം സമിതിയിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്.

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ സ്ഥിരം സമിതികളിലേക്ക് യുഡിഎഫ് കൊണ്ടു വന്ന അഞ്ചാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് പരിഗണിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റിയില്‍ കോണ്‍ഗ്രസ് 4, ബിജെപി 3, സിപിഐഎം 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ബിജെപി കൗണ്‍സിലര്‍ ശിവരാജന്‍ കൗണ്‍സിലിലെത്തിയില്ല.

സിപിഐഎം പിന്തുണയോടെ 2നെതിരെ അഞ്ച് വോട്ടുകള്‍ നേടിയാണ് അവിശ്വാസം പാസായത്. സ്റ്റാന്‍റിംഗ് കമ്മറ്റികളിലെ അവിശ്വാസം പൂര്‍ത്തിയാകുന്ന മുറക്ക് ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് തീരുമാനം.

ഇതുവരെ നടന്ന അഞ്ച് അവിശ്വാസ പ്രമേയങ്ങളില്‍ നാലിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. നേരത്തെ ക്ഷേമകാര്യ-വികസന-പൊതുമരാമത്ത് സ്ഥിരം സമിതികളിലാണ് ബിജെപിക്ക് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായത്.

പ്രതിപക്ഷ അംഗത്തിന്‍റെ വോട്ട് അസാധുവായ ആരോഗ്യ സ്ഥിരംസമിതിയില്‍ മാത്രമാണ് അവിശ്വാസം പരാജയപ്പെട്ടത്. സ്ഥിരം സമിതികളിലേക്ക് നടന്ന അവിശ്വാസപ്രമേയങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

52 അംഗ മുനിസിപ്പാലിറ്റിയില്‍ ബിജെപി- 24, യുഡിഎഫ്-18, സിപിഐഎം-9, വെല്‍ഫയര്‍ പാര്‍ടി- 1 എന്നിങ്ങനെയാണ് കക്ഷിനില. സ്ഥിരം സമിതികളിലേതു പോലെ പ്രതിപക്ഷം ചെയര്‍മാനെതിരെയും വൈസ് ചെയര്‍മാനെതിരെയും അവിശ്വാസം കൊണ്ടു വന്നാല്‍ നഗരസഭാ ഭരണത്തില്‍ നിന്ന് ബിജെപിക്ക് പുറത്തു പോവേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here