പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്ന എണ്ണവില വര്‍ധന ചര്‍ച്ച ചെയ്യാതെ മോദിയും കൂട്ടരും; കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം പരാമര്‍ശിച്ചില്ല

കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിട്ടും ഇന്ന് ചേര്‍ന്ന വിഷയം ചര്‍ച്ച ചെയ്തില്ല.

എണ്ണ കമ്പനികള്‍ക്ക് ദിനംപ്രതി വിലവര്‍ദ്ധിപ്പിക്കുന്നതിനും തടസമില്ല. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയായ 20 രൂപ 66 പൈസ ഈടാക്കുന്നതിനും കുറവ് വരുത്തില്ല.

ഒന്നര പതിറ്റാണ്ടിനിടെ പെട്രോള്‍-ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ വിഷയം പരാമര്‍ശിക്കുക പോലും ചെയ്തില്ല.

എണ്ണ വിലയുടെ ബാധ്യത പെട്രോളിയം മന്ത്രാലയത്തിന്റെ മാത്രം ചുമതലയാക്കി മാറ്റാനാണ് ശ്രമം. ഡല്‍ഹിയില്‍ ലീറ്ററിന് 77 രൂപ തൊട്ട പെട്രോള്‍, 85 രൂപയ്ക്കാണ് മുബൈയില്‍ വിറ്റത്. ഡീസല്‍ വിലയും തതുല്യമായി വര്‍ദ്ധിച്ചതോടെ വിലകയറ്റത്തിന്റെ ഭീതിയിലാണ് രാജ്യം.

പല സ്ഥലത്തും ചരക്ക് മാറ്റത്തിന് ലോറി ഉടമകള്‍ കൂടുതല്‍ തുക ചോദിച്ച് തുടങ്ങി.നരേന്ദ്രമോദി സര്‍ക്കാര്‍ 2017 ജൂല്‍ 16നാണ് ദിനംപ്രതി വില നിര്‍ണ്ണയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയത്.

അന്ന് മുതല്‍ ഇത് വരെയുള്ള 340 ദിവസത്തില്‍ 194 ദിവസവും എണ്ണ വില കമ്പനികള്‍ വര്‍ദ്ധിപ്പിച്ചു.9 പ്രാവശ്യം എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതോടെ ഒരു ലിറ്റര്‍ പെട്രോളിന് 20 രൂപ 66 പൈസയാണ് ഉപഭോക്താവിന് നികുതി ഇനത്തില്‍ മാത്രം നല്‍കേണ്ടത്. വാറ്റ് ഇനത്തിലും 16 ശതമാനത്തോളം തുക അധികമായി നല്‍കണം.

ഇതൊഴിവാക്കിയാല്‍ 40രൂപ 55 പൈസയ്ക്ക് ഒരു ലിറ്ററ് പെട്രോള്‍ നല്‍കാനാകും. കേന്ദ്ര മന്ത്രിസഭായോഗം, പെട്രോളിയം ഉല്‍പനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെട്ടു. പക്ഷെ എണ്ണ കമ്പനികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം നീട്ടികൊണ്ട് പോകാനാണ് ഇപ്പോഴത്തെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News