നിപ വൈറസിനെതിരെ ഫേസ‌്ബുക്കിൽ കള്ളപ്രചാരണം; മോഹനൻ വൈദ്യർ ജേക്കബ്‌ വടക്കഞ്ചേരി എന്നിവര്‍ക്കെതിരെ പൊലീസ‌് കേസ‌് എടുത്തു

പാലക്കാട‌് : നിപ വൈറസിനെതിരെ ഫേസ‌്ബുക്കിൽ കള്ളപ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ തൃത്താല പൊലീസ‌് കേസ‌് എടുത്തു. പ്രകൃതിചികിത്സകരായ മോഹനൻ വൈദ്യർ, ജേക്കബ്‌ വടക്കഞ്ചേരി എന്നിവർക്കെതിരെയാണ‌് തൃത്താല പൊലീസ‌് കേസ‌് എടുത്തത‌്.

ആധുനിക വൈദ്യശാസ്‌ത്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണത്തിലൂടെ മുൻപും ഇരുവരും വിവാദങ്ങളിൽ നിറഞ്ഞിട്ടുണ്ട്‌.

നിപ വൈറസ‌് എന്നത‌് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും മരുന്ന‌് മാഫിയയാണ‌് ഇതിന‌് പിന്നിലെന്നും ഫേസ‌്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത‌് നാല‌് ലക്ഷം പേർ ലൈക്ക‌് ചെയ്യുകയും 13000 പേർ ഷെയർ ചെയ്യുകയും ചെയ‌്തിരുന്നു.

ഗുരുതരമായ അവസ്ഥയെ ജനങ്ങൾക്കിടയിൽ ബോധപൂർവം മറച്ചുവച്ച‌് ആരോപണങ്ങൾ പ്രചരിപ്പിച്ചതിനാണ‌് കേസ‌്. രോഗിയെ പരിചരിച്ച നഴ‌്സ‌് അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗത്തെക്കുറിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ‌് കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്.

പ്രൈവറ്റ‌് ആയുർവേദ മെഡിക്കൽ പ്രാക്ടീഷനേഴ‌്സ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വിജിത‌് നൽകിയ പരാതിയിലാണ‌് കേസ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here