തൂത്തുക്കുടി വെടിവെപ്പ്: നടമാടുന്നത് മുതലാളിത്തത്തിന്റെ നരനായാട്ട്

പേയ്അരശു സെയ്ദാൽ പിണം തിന്നും സാത്തിരംഗൾ
(പ്രേതമാണ്‌ ഭരിക്കുന്നതെങ്കിൽ ജഡം തിന്നുന്നത്‌ നിയമമാകും)

തൂത്തുക്കുടി നഗരത്തിൽ മെയ് 22 നുണ്ടായ വെടിവയ‌്പും സംഭവങ്ങളുമാണ് തമിഴ് വിപ്ലകവി സുബ്രഹ്മണ്യ ഭാരതിയുടെ ഈ വരികൾ ഓർക്കാനിടയാക്കിയത്. സ്‌റ്റെർലൈറ്റ് ഇൻഡസ്ട്രീസിനെതിരെയുള്ള സമരത്തിന്റെ നൂറാംദിവസമായിരുന്നു മെയ് 22. തൂത്തുക്കുടി നഗരത്തിലും സമീപമുള്ള ഗ്രമങ്ങളിലും വൻനാശം വിതയ‌്ക്കുന്ന ഈ വ്യവസായ സ്ഥാപനം പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നഗരത്തിൽ ഒത്തുകൂടിയ വൻജനാവലി ജില്ലാ കലക്ടറേറ്റ‌് ലക്ഷ്യമാക്കി മാർച്ച് ചെയ്തു.

എന്നാൽ, ഐപിസി 144-ാം വകുപ്പ് പ്രഖ്യാപിച്ച് പൊലീസ് ജനക്കൂട്ടത്തോട് റാലി പിരിച്ചുവിടാനും പിരിഞ്ഞുപോകാനും ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് വഴങ്ങാൻ ജനങ്ങൾ തയ്യാറായില്ല. അവർ കലക്ടറേറ്റ് ലക്ഷ്യമാക്കി നീങ്ങി. ഈ ഘട്ടത്തിലാണ് പൊലീസ് നരനായാട്ട് ആരംഭിച്ചത്. ഒരു സ്ത്രീയും കോളേജ് വിദ്യാർഥിനിയും ഉൾപ്പെടെ 13 പേർ വെടിവയ‌്പിൽ കൊല്ലപ്പെട്ടു.

കഴിഞ്ഞ നൂറുദിവസമായി സമരത്തിന് നേതൃത്വം നൽകിയ തമിഴരശൻ, ജയറാം, ജയശീലൻ, കാന്തയ്യ, ഷൺമുഖം, ആന്റണി, ശെൽവരാജ്, മണിരാജ് എന്നിവരും പതിനേഴുകാരി വിദ്യാർഥി വനിസ്തയുമാണ് കൊല്ലപ്പെട്ടത്.

സ്‌നൈപർ റൈഫിൾസ് ഉപയോഗിച്ചാണ് പൊലീസ് വെടിവച്ചത്. അതും വയറിന് മുകൾഭാഗത്തേക്കാണ് വെടിവച്ചത്. നെഞ്ചിലും മുഖത്തും വായിലും മറ്റുമാണ് വെടിയേറ്റത്. ഇത് തെളിയിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനിക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തകരെ തെരഞ്ഞുപിടിച്ച് വെടിവയ‌്ക്കുകയായിരുന്നുവെന്നാണ്. മുൻകൂട്ടി ആസുത്രണം ഈ വെടിവയ‌്പിന് പിന്നിലുണ്ടെന്ന് വ്യക്തം.

ജനക്കൂട്ടം ആക്രമാസക്തമാകുകയും റാലിക്കിടെ വാഹനങ്ങൾക്കും ബൈക്കുകൾക്കും തീവയ‌്ക്കുകയും ചെയ്തുവെന്നും ബാരിക്കേഡ് ഭേദിച്ചുവെന്നും പറഞ്ഞാണ് പൊലീസ് വെടിവയ‌്പിനെ ന്യായീകരിക്കുന്നത്.എന്നാൽ, ഇതുസംബന്ധിച്ച വീഡിയോ വ്യക്തമാക്കുന്നത് ജനങ്ങൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ വാഹനങ്ങൾക്ക് തീപിടിച്ചിരുന്നുവെന്നാണ്.

പൊലീസിന്റെ ഇത്തരം ന്യായീകരണശ്രമങ്ങൾ ഓർമിപ്പിക്കുന്നത് 2017 ജനുവരിയിൽ ചെന്നൈ മറീനയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നവർക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തെയാണ്. മത്സ്യത്തൊഴിലാളികളുടെ കുടിലുകൾക്കെതിരെ പ്രതിഷേധക്കാർ തീയിട്ടുവെന്നാരോപിച്ചായിരുന്നു ഈ ആക്രമണം.

അന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പെട്ടെന്ന് പ്രചരിച്ച വീഡിയോകളാണ് പൊലീസിന്റെ കള്ളക്കഥ പൊളിച്ചത്. പൊലീസ് തന്നെയായിരുന്നു പല ഓട്ടോകൾക്കും മറ്റും അന്ന് തീയിട്ടതും അതുവഴി മത്സ്യത്തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങൾ അഗ്നിക്കിരയാക്കിയതും.

ജെല്ലിക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറീന ബീച്ചിലെത്തി സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രവും വീഡിയോകളിൽ തെളിഞ്ഞു.
വെടിവയ‌്പ് നടന്നയുടൻ തന്നെ തൂത്തുക്കുടിയിൽ എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പരിക്കേറ്റ നൂറിലധികം പേർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു.

വെടിവയ‌്പ‌് നടത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും സ്‌റ്റെർലെറ്റ് ഫാക്ടറി ഉടൻ പൂട്ടണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച രാവിലെ മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്താനും അദ്ദേഹം തയ്യാറായി.

തമിഴ്‌നാട്ടിൽ 1994ൽ കാലുകുത്തിയതുമുതൽ സ്‌റ്റെർലെറ്റ് കമ്പനി സംസ്ഥാനത്തെ ഭരണാധികാരികളുടെ, അവരുടെ നിറമേതായാലും, തേൻകനിയായി മാറുകയായിരുന്നു. എഐഎഡിഎംകെ, ഡിഎംകെ എന്നീ രാഷ്ട്രീയ പാർടികളുടെ നേതാക്കൾ സ്‌റ്റൈർലെറ്റ് കമ്പനിയെ സഹായിച്ചത് സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ പരസ്പരം ഉന്നയിക്കുമ്പോൾ ഇരുപാർട്ടിക്കും ആ കമ്പനിയുമായുള്ള അടുത്തബന്ധമാണ് വെളിവാക്കപ്പെടുന്നത്. പ്രദേശത്തെ ജനങ്ങളെ മാരകമായി ബാധിക്കുന്ന മലിനീകരണമാണ് ഫാക്ടറി നടത്തുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നടപടി.

തമിഴ്‌നാട്ടിലെ വിവധ രാഷ്ട്രീയപാർടികൾ വെടിവയ‌്പിനെ അപലപിക്കുകയും എഐഎഡിഎംകെ സർക്കാരിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സാമൂഹ്യബോധമുള്ള തമിഴ്‌നാട്ടിലെ ഓരോ പൗരനും സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങൾ വീണ്ടെടുക്കാനാകാത്തവിധം ചൂഷണം ചെയ്യുന്ന രാഷ്രീയക്കാരും ബ്യൂറോക്രസിയും ബിസിനസുകാരും തമ്മിലുള്ള ഈ കൂട്ടുകെട്ടിനെതിരെ ഇനിമുതലെങ്കിലും ശബ്ദിക്കുമെന്നുറപ്പ്.

മുൻ കാലങ്ങളിലുള്ളതുപോലെ സംസ്ഥാന ബിജെപിനേതൃത്വവും ഗവർണറും നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ജനങ്ങളെയാണ് കുറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇവർക്ക് പിന്തുണ നൽകുന്ന ആരുംതന്നെ കമ്പനിയുടെ നീക്കങ്ങളെയോ അവരുമായി അടുത്ത ബാന്ധവത്തിലേർപ്പെട്ട എഐഎഡിഎംകെ സർക്കാരിനെതിരെയോ ഒരക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ല.

ഫാക്ടറി പൂട്ടണമെന്നാവശ്യപ്പെട്ട പ്രവർത്തകരെ ക്രൂരവും ആസുത്രിതവുമായി കൊലചെയ്തതിൽനിന്ന‌ും തെളിയുന്നത് കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ ബഹുരാഷ്ട്ര കുത്തകകളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നാണ്. സർക്കാർ നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള ഭൂരിപക്ഷം മാധ്യമങ്ങളുടെയും റിപ്പോർട്ടും ഈ താൽപ്പര്യസംരക്ഷണത്തിന്റെ ഭാഗംതന്നെ.

എന്നാൽ, സാമൂഹ്യമാധ്യമങ്ങൾക്ക് നന്ദി പറയാം. ഈ സംഭവത്തിലൂടെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് യഥാർഥ കുറ്റവാളികൾ ആരെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രദേശത്തെ ജനങ്ങൾക്കും അവരുടെ ജീവിതത്തിനും ദുരിതം സമ്മാനിച്ച് ലാഭം കുന്നുകൂട്ടുന്ന ഈ വൻകമ്പനിയെ സഹായിക്കുന്നവർക്ക് ചുട്ടമറുപടി നൽകാനും ഈ സംഭവം ജനങ്ങൾക്ക് അവസരം നൽകുകയാണ്.

വെടിവയ‌്പിനെതിരെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ നിന്നുയരുന്ന പ്രതിഷേധം വിരൽചൂണ്ടുന്നത് തമിഴ്‌നാട്ടിലെ ജനങ്ങൾ ഉണർന്നുകഴിഞ്ഞുവെന്നാണ്. കൊള്ളക്കാരുടെയുംഅവരുടെ പിണിയാളുകളുടെയും അന്ത്യം വിദൂരമല്ല.

പ്രക്ഷോഭം നാൾവഴി
● 1994 സ്റ്റെർലൈറ്റ് കമ്പനിക്ക് തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ അനുവാദം ലഭിച്ചു.
● 1996 തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക് ലൈസൻസ് നൽകുന്നു. ബോർഡിന്റെ തന്നെ നിബന്ധനകൾ കമ്പനി ലംഘിച്ചു എന്ന് മനസ്സിലാക്കിയതിനുശേഷമാണ് ഈ അനുമതി. ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.
● 1997 പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ സമിതിയെ നിയോഗിക്കുന്നു.
● 1998 കമ്പനി പല സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായി നാഷണൽ എൻവയോൺമെന്റ് എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തുന്നു. മദ്രാസ് ഹൈക്കോടതി കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
● 2001 കമ്പനി പുറത്തുവിടുന്ന വിഷമാലിന്യങ്ങളെക്കുറിച്ച് സ്ഥലവാസികൾ പരാതിപ്പെടുന്നു.
● 2004 സുപ്രീംകോടതി നിയമിച്ച നിരീക്ഷണ സമിതി ഉൽപ്പാദനം വർധിപ്പിക്കാനുള്ള കമ്പനിയുടെ അനുമതി നിരാകരിക്കാൻ ആവശ്യപ്പെട്ടു.
● സെപ്തംബർ 22 നിർമാണം ആരംഭിച്ച കമ്പനിക്ക് ധനമന്ത്രാലയം പ്രവർത്തനാനുമതി നൽകുന്നു.
● നവംബർ16 കമ്പനി ലൈസൻസ് ഇല്ലാതെ ഉൽപ്പാദനവർധന നടത്തുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തുന്നു.
● 2005 വർഷത്തിൽ മൂന്നുലക്ഷം ടണ്ണായി ഉൽപ്പാദനം വർധിപ്പിക്കാനും കോപ്പർപ്ലാന്റ് തുടങ്ങാനും അനുമതി ലഭിക്കുന്നു.
● 2008 കമ്പനി വീണ്ടും ഉൽപ്പാദനം വർധിപ്പിക്കുന്നു.
● 2010 സെപ്തംബർ 28 പരിസ്ഥതി മലിനീകരണം ആരോപിച്ച് സ്റ്റൈർലൈറ്റ് കമ്പനി അടച്ചിടാൻ മദ്രാസ് ഹൈക്കോടി ഉത്തരവിടുന്നു.
● ഒക്ടോബർ 1 മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു.
● 2013 മാർച്ച് 23 തൂത്തുകുടി നഗരത്തിൽ വൻ വാതകച്ചോർച്ച. കമ്പനി അടച്ചിടാൻ ഉത്തരവിടുന്നു. ആ തീരുമാനം റദ്ദാക്കുന്നു.
● ഏപ്രിൽ 2 കമ്പനി അടച്ചിടാൻ സുപ്രീംകോടതി വിസമ്മതിക്കുന്നു. നിബന്ധകൾ ലംഘിച്ചതിന് നൂറുകോടി പിഴയടയ്ക്കാൻ ആവശ്യപ്പെടുന്നു.
● 2018 ഫെബ്രുവരി കമ്പനിക്കെതിരെ ജനകീയപ്രക്ഷോഭം ആരംഭിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here