കുതിച്ചുയര്‍ന്ന് ഇന്ധനവില; നടുവൊടിഞ്ഞ് ജനം; കടുംപിടിത്തവുമായി കേന്ദ്രം

തുടര്‍ച്ചയായ 12ാം ദിനവും എണ്ണവില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയും കുടി റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ഇന്ധനവില. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74.67 രൂപയും ആയിരിക്കുകയാണ്.

രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കി ഇന്ധനവില കുതിച്ചുയരുമ്പോഴും പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന കടുംപിടിത്തവുമായി കേന്ദ്രം. തീരുവ കുറയ്ക്കാൻ കഴിയില്ലെന്നും ഇന്ധനവിലക്കയറ്റം നിയന്ത്രിക്കാൻ വേറെ വഴി നോക്കണമെന്നും ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചു. തീരുവ കുറച്ചാൽ ക്ഷേമപദ്ധതികൾക്ക് പണം കിട്ടാതാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു.

കോർപറേറ്റുകൾക്ക് വൻതോതിൽ നികുതിയിളവ് നൽകുന്ന കേന്ദ്രം സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള മാർഗമായി ഇന്ധന എക്സൈസ് തീരുവയെ അമിതമായി ആശ്രയിക്കുകയാണ്. അധികാരത്തിലേറിയ ശേഷം നാലു വർഷവും മോഡിസർക്കാർ ചെലവുകൾക്കായി തുക കണ്ടെത്തിയത് ഇന്ധനതീരുവയിൽനിന്ന്.

3.9 ലക്ഷം കോടി രൂപയാണ് നാലു വർഷത്തിനിടെ ഈയിനത്തിൽ ജനങ്ങളിൽനിന്ന് കേന്ദ്രം അധികമായി ഊറ്റിയത്. ഇക്കൊല്ലം 1.7ലക്ഷം കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. അഞ്ചു വർഷത്തിൽ 5.6 ലക്ഷംകോടി രൂപയാണ് പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽനിന്ന് അധിക വരുമാനമായി കേന്ദ്രത്തിനു ലഭിക്കുക.

അഞ്ചു വർഷത്തിൽ പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽനിന്നുള്ള മൊത്തം വരുമാനം 10 ലക്ഷം കോടി രൂപ കവിയും. 2013‐14ൽ ഇന്ധന തീരുവയിനത്തിൽ കേന്ദ്ര വരുമാനം 88,600 കോടി മാത്രമായിരുന്നു. മോഡിസർക്കാർ അധികാരമേറ്റശേഷം രാജ്യാന്തരവിപണിയിൽ എണ്ണവില ഇടിഞ്ഞതിന്റെ സൗകര്യം മുതലെടുത്ത് തീരുവ അടിക്കടി വർധിപ്പിച്ചു.

ഇതേതുടർന്ന് എക്സൈസ് തീരുവയിൽനിന്നു വരുമാനം 2014‐15ൽ 1,05,653 കോടി രൂപയായും 2015‐16ൽ 1,85,958 കോടിയായും 2016‐17ൽ 2,53,254 കോടിയായും വർധിച്ചു. നടപ്പുസാമ്പത്തികവർഷം 2,57,850 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഒരു ലിറ്റർ പെട്രോളിന്മേൽ 2014 ഏപ്രിലിൽ എക്സൈസ് തീരുവ 9.48 രൂപ മാത്രമായിരുന്നു. മോഡിസർക്കാർ തീരുവ ഒമ്പതു പ്രാവശ്യം കൂട്ടി. ഇപ്പോൾ ഒരു ലിറ്റർ പെട്രോളിനുമേലുള്ള തീരുവ 21.48 രൂപയായി ഉയർന്നു. ഇതുപോലെ ഡീസൽ ലിറ്ററിന‌് 2014 ഏപ്രിലിൽ തീരുവ 3.65 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 17.33 രൂപയായി ഉയർന്നു.

പെട്രോൾ‐ഡീസൽ വില കുറച്ചാൽ എണ്ണക്കമ്പനികൾ പാപ്പരാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. നിലവിൽ രാജ്യത്തെ എല്ലാ എണ്ണക്കമ്പനികളും വൻലാഭത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐഒസി കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ 40 ശതമാനം ലാഭവർധന രേഖപ്പെടുത്തി.

ഇക്കാലയളവിൽ മൊത്തം വരുമാനം 10 ശതമാനം വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തി. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭവിഹിതവും കേന്ദ്രസർക്കാരിനു ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News