ചെങ്ങന്നൂര്‍ ജനതയോട് ഡി.വിജയകുമാറിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; വിജയകുമാര്‍ പ്രസിഡന്റായ ബാങ്കിന്റെ ക്രൂരത മൂലം കിടപ്പാടം നഷ്ടമാകാന്‍ പോകുന്നത് 129 കുടുംബങ്ങള്‍ക്ക്; ഇനി ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് വീട്ടമ്മമാര്‍ പീപ്പിളിനോട് #PeopleExclusive

ചെങ്ങന്നൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പ്രസിഡന്റായ ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ ക്രൂരത മൂലം കിടപ്പാടം നഷ്ടമാകാന്‍ പോകുന്നത് 129 കുടുംബങ്ങള്‍ക്ക്.

തിരിച്ചടവ് കാലവധി അവസാനിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കെ നിരവധി പേരുടെ ഭൂമിയും, വീടും ജപ്തി ചെയ്യാനൊരുങ്ങുകയാണ് യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂര്‍ കാര്‍ഡ് ബാങ്ക്. ജപ്തി ഒഴിവാക്കാന്‍ വിജയകുമാറിനെ ബന്ധപ്പെട്ടിട്ടും അദ്ദേഹം സഹായിച്ചില്ലെന്ന് സ്ത്രീകള്‍ പീപ്പിളിനോട് പറഞ്ഞു. ആകെയുള്ള കിടപ്പാടം നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പോംവഴി ഇല്ല ഈ കുടുംബങ്ങള്‍ക്ക്.

വിജയകുമാര്‍ പ്രസിഡന്റ് ആയ ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്കാണ് ഷൈലോക്ക് പോലും നാണിച്ച് പോകുന്ന ക്രൂരതക്ക് ഒരുങ്ങുന്നത്. തിരിച്ചടവ് മുടങ്ങി കിടക്കുന്ന 129 കുടുംബങ്ങളുടെ ഭൂമിയും, താമസിക്കുന്ന ഭവനവും ഉടന്‍ ജപ്തി ചെയ്യുണമെന്ന് കാട്ടി സംസ്ഥാന സഹകരണ വകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ് ചെങ്ങന്നൂര്‍ കാര്‍ഡ് ബാങ്ക്.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജനവികാരം എതിരാകുമെന്ന് കണ്ട് തല്‍കാലം ജപ്തി നടപടി നിര്‍ത്തിവെച്ചിട്ടുണ്ട്. 129 കുടുംബങ്ങളില്‍ നിന്നായി 9 കോടിയിലേറെ രൂപ ബാങ്കിന് പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് ഭരണസമിതി സഹകരണ വകുപ്പിന് നല്‍കിയ ഫയലില്‍ പറയുന്നത്.

തിരിച്ചടവ് കാലവധി ഇനിയും വര്‍ഷങ്ങള്‍ ബാക്കി ഉള്ളവരുടെ ഭൂമിയാണ് ബാങ്ക് വഴി വിട്ട മാര്‍ഗ്ഗത്തില്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിനിയായ ബിന്ദു 2013ല്‍ 10 ലക്ഷം രൂപ വായ്പ്പ എടുത്തു. എന്നാല്‍ വരുമാനം കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. 4 ലക്ഷം രൂപ ഇതിനോടകം അടച്ചു. 2020 വരെ തിരിച്ചടവ് കാലവധിയും ഉണ്ട്.

എന്നാല്‍ ഇനിയും 12 ലക്ഷം രൂപ അടക്കണമെന്നാണ് ബാങ്ക് പറയുന്നത്. 80 ലക്ഷത്തിലേറെ മതിപ്പ് വിലയുള്ള 32 സെന്റ് സ്ഥലം വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ടും അതിനും ബാങ്ക് സമ്മതിക്കുന്നില്ലെന്ന് ബിന്ദു പറയുന്നു. ക്ലസ്റ്റര്‍ ഹെഡേക്ക് എന്ന മാരക രോഗത്തിന്റെ പിടിയിലായ ബിജിമോളിന്റെ മുന്നില്‍ ഇനി ആത്മഹത്യ മാത്രമേ വഴിയുള്ളു എന്ന് അവര്‍ പീപ്പിളിനോട് പറഞ്ഞു.

വെണ്‍മണി പാറയില്‍ ചന്ത സ്വദേശിനിയായ ശ്യാമള സുരേന്ദ്രന്‍ ഹൃദയത്തിന്റെ വാല്‍പ് മൂന്ന് തവണ മാറ്റി വെച്ച ഹൃദ്രോഹിയാണ്. മൂന്ന് ലക്ഷം ആണ് കാര്‍ഡ് ബാങ്കില്‍ നിന്ന് വായ്പ്പ എടുത്തത്. അതില്‍ 1,80,000 രൂപ തിരിച്ചടച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ശ്യാമളക്കും, ഭര്‍ത്താവിനും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ല.

പിഴ പലിശ അടക്കം 6 ലക്ഷം ഇനി അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. വീട് വിറ്റ് തുക നല്‍കാന്‍ തയ്യാറായിട്ടും വാങ്ങാനെത്തുന്നരെ നിയമ പ്രശ്‌നങ്ങള്‍ കാട്ടി ബാങ്ക് വിരട്ടുന്നു എന്നാണ് ശ്യാമളയുടെ പരാതി.

വീടും 15 സെന്റ് സ്ഥലവും പണയപ്പെടുത്തി മൂന്നര ലക്ഷം രൂപ ലോണ്‍ എടുത്ത സുധ ശ്രീധരന്‍ വിജയകുമാര്‍ പ്രസിഡന്റ് ആയ ബാങ്കിന്റെ ക്രൂരതയുടെ രക്തസാക്ഷിയാണ്.

5 വര്‍ഷം കാലാവധി ബാക്കി നിള്‍ക്കെ ബാങ്ക് ഭീഷണി പെടുത്തി പിഴ തുക അടക്കം വലിയ തുകയാണ് തിരിച്ചടച്ചത്. പിഴ പലിശയില്‍ ചെറിയ ഇളവ് എങ്കിലും ചെയ്ത് തരണമെന്ന് കാട്ടി ബാങ്കിന്റെ പ്രസിഡന്റായ ഡി. വിജയകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് തന്നെ മടക്കിയെന്നും തുടര്‍ന്ന് ഗത്യന്തരമില്ലാതെ വീണ്ടും കടം വാങ്ങി താന്‍ വന്‍തുക ബാങ്കില്‍ അടച്ച് ജപ്തി ഒഴിവാക്കിയെന്നും സുധ പീപ്പിളിനോട് പറഞ്ഞു.

സ്വയം ഭരണാധികാരം ഉള്ള ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ പ്രസിഡന്റ് ആയി വിജയകുമാര്‍ കോണ്‍ഗ്രസ് വിമതനായിട്ടാണ് ജയിച്ചത്. സഹതാപ തരംഗം ആയിരുന്നു വിജയ കാരണം. എന്നാല്‍ പ്രസിഡന്റ് ആയതോടെ ബാങ്കിന്റെ കിട്ടാക്കടം തിരികെ പിടിക്കുക എന്ന ചുമതലയായിരുന്നു വിജയകുമാര്‍ ആദ്യം തന്നെ നടപ്പിലാക്കിയത്.

ഇതേ തുടര്‍ന്നാണ് കാലാവധി ഇനിയും ബാക്കിയുള്ള 129 കുടുംബങ്ങളുടെ കിടപാടം ജപ്തി ചെയ്യാന്‍ ബാങ്ക് ഒരുങ്ങുന്നത്. എന്നാല്‍ വായ്പ്പ തിരിച്ചടവ് കാലാവധി കഴിഞ്ഞ പല സ്വന്തം ഇടപാടുകാരോടും ബാങ്കിന് മൃദുസമീപനം ഉണ്ടെന്ന ആക്ഷേപം ഉണ്ട്.

മാനുഷിക പരിഗണന എന്ന നിലയില്‍ ചെറിയ ഇളവുകള്‍ കൊടുക്കാന്‍ ബാങ്കിന് പൂര്‍ണ്ണ അധികാരം ഉണ്ടെന്ന് ഇരിക്കെ ഷൈലോക്കിനെക്കാള്‍ കഷ്ടമായി പെരുമാറുന്ന ഇത്തരം ബാങ്കുകള്‍ വരും ദിവസങ്ങളില്‍ കൂട്ട ആത്മഹത്യക്ക് ആവും സാക്ഷ്യം വഹിക്കേണ്ടി വരുക.

പൊതുപ്രവര്‍ത്തകര്‍ ഭാരവാഹികള്‍ ആയ ഇത്തരം ബാങ്കുകളില്‍ നിന്ന് ജനം മിനിമം ചില മര്യാദകള്‍ പ്രതീക്ഷിക്കുന്നു. വമ്പന്‍ കോടീശ്വരന്‍മാര്‍ക്ക് വന്‍ ഇളവുകള്‍ ലഭിക്കുന്ന രാജ്യത്ത് അര്‍ഹതപ്പെട്ട നീതിയെങ്കിലും ജനങ്ങള്‍ക്ക് നല്‍കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News