പ്ലീസ്… ഭീതിപടർത്തരുത്; കൂട്ടായ ശ്രമത്തിലൂടെ നിപ വൈറസ്‌ അപകടം പൂർണ്ണമായും മുറിച്ചുകടക്കാം

നിപ വൈറസ് പടർത്തുന്ന പനി അപകടകരമാണെങ്കിലും അത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാരിന് വളരെവേഗത്തിൽ സാധിച്ചിരിക്കുന്നു. രാജ്യത്തുതന്നെ ആദ്യമായാണ്‌ ഇത്തരമൊരു രോഗബാധ എന്നാണ്‌ കേന്ദ്രസംഘം തന്നെ വ്യക്തമാക്കിയത്‌.

സാധാരണപനിപോലെ വന്ന് പെട്ടെന്നുതന്നെ ജീവനെടുക്കുന്ന നിലയിലേക്ക് എത്തിയ നിപ്പയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മുന്നനുഭവം ഇല്ലാതിരുന്നിട്ടും ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്ക് സാധിച്ചതുകൊണ്ടാണ് കേന്ദ്രസംഘം ഉള്‍പ്പടെ കേരളത്തേയും സർക്കാരിനേയും ഇക്കാര്യത്തിൽ അഭിനന്ദിച്ചത്.

മഹാരാഷ്ട്രയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ആരോഗ്യ വകുപ്പ് അധികൃതരും ഹിന്ദു ദിനപ്പത്രം ഉള്‍പ്പടെയുള്ള പ്രധാനമാധ്യമങ്ങളും കേരളാ സംസ്ഥാന സര്‍ക്കാര്‍ നടപിയെ അഭിനന്ദിച്ച് എഡിറ്റോറിയല്‍ വരെ പ്രസിദ്ധീകരിക്കുകയുണ്ടായി.

പ്രതിപക്ഷ നേതാക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ അടക്കംപറഞ്ഞതായി മനസ്സിലാവുന്നത്, പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം പോലും കിട്ടാത്ത വിധത്തിലായിരുന്നു രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നാണ്. അടിയന്തിര ഇടപെടല്‍ നടത്തി വിദേശത്തുനിന്ന് മരുന്നും ലഭ്യമാക്കി. ഇതൊക്കെ ചെയ്തിട്ടും ചിലമാധ്യമങ്ങള്‍ റേറ്റിംഗ് ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ നല്‍കിയത്.

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിന് ബന്ധപ്പെട്ട രാജ്യവും സംസ്ഥാനങ്ങളും വിലക്കേര്‍പ്പെടുത്തുന്ന വിധത്തിലേക്കും ഇവിടുന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും വിപണി നഷ്ടപ്പെടുന്ന നിലയിലേക്കും കാര്യങ്ങള്‍ മാറി. ഇത് കേരളത്തിന്‍റെ സമ്പദ്ഘടനയെപ്പോലും ബാധിക്കുന്ന നിലയിലേക്കും മാറി. ഇങ്ങനെ വേണ്ടിയിരുന്നോ മാധ്യമപ്രവര്‍ത്തനം എന്ന് പ്രസ്തുത മാധ്യമങ്ങള്‍ ആലോചിക്കണം.

എന്നാല്‍ ചില മാധ്യമങ്ങള്‍ ജനങ്ങളിലെ ഭീതിയകറ്റാനും പൊതുസമൂഹത്തെ ബോധവത്ക്കരിക്കുന്ന നിലയിലും ശരിയായരീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും കാണാതിരിക്കുന്നില്ല.

നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തവേ അസുഖബാധിതയായി മരണപ്പെട്ട നേഴ്സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി അവരുടെ രണ്ട് കുട്ടികൾക്കുമായി 20 ലക്ഷം രൂപയും ഭര്‍ത്താവിന് ജോലിയും നിപ ബാധിച്ച് മരണപ്പെട്ട മറ്റെല്ലാവരുടേയും കുടുംബത്തിന് 5 ലക്ഷം രൂപ വീതവും നല്‍കാന്‍ സർക്കാര്‍ നടപടി സ്വീകരിച്ചു.

ഇനിയൊരു നിപ മരണം ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാർ പ്രവർത്തിച്ചത്‌. ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ പുതിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 30 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തുകയുമാണ്. നിലവിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നവീനവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിനൊപ്പം ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നടത്തുന്നതിനിടയില്‍ സംരക്ഷണം നൽകാനും കഴിയും വിധത്തിൽ ശക്തമാണ്‌ കേരളത്തിലെ ആരോഗ്യസംവിധാനം.

സംസ്ഥാനം ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ അതിനെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും മുന്നില്‍ നിന്ന് പ്രവർത്തിക്കാനാണ്‌ എല്ലാവര്‍ക്കും സാധിക്കേണ്ടത്‌. അതിനുപകരം സ്വയം ഡോക്ടറായി രോഗനിര്‍ണ്ണയം നടത്തി എല്ലാപനിയേയും നിപയാക്കി ഭീതിപരത്തുന്ന സ്ഥിതിയും ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയാവഴി ചിലരും തുടരുകയാണ്. ഇത്തരക്കാര്‍ ഇത്തിരി മര്യാദയെങ്കിലും കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശരിയായ രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തുന്നതിന്‌ നമുക്ക്‌ പരിശ്രമിക്കാം; സുരക്ഷാ മാർഗ്ഗങ്ങളും മറ്റ്‌ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News