ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് മുംബൈയിൽ തുടക്കമായി – Kairalinewsonline.com
Featured

ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് മുംബൈയിൽ തുടക്കമായി

ശീതികരിച്ച കോച്ചിൽ ട്രെയിനിൽ ഗോവയിലെത്താൻ ഏകദേശം 2600 രൂപയാണ് ചെലവ്

രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പൽ സർവീസ് മുംബൈയിൽ നിന്നും ഗോവയിലേക്ക് ആരംഭിച്ചു. ആൻഗ്രിയ എന്ന കപ്പലാണ് പരീക്ഷണാർത്ഥം മുംബൈ പോർട്ടിൽ നിന്നും യാത്ര തിരിച്ചു യാത്രക്കാരുമായി ഗോവയിലെത്തിയത്.

മുംബൈ പോർട്ട് ട്രസ്റ്റും ആൻഗ്രിയ സീ ഈഗിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്നാണ് സേവനത്തിന് തുടക്കമിട്ടിരിക്കുന്നത് .ഡാൻസ് ഫ്ലോറും നീന്തൽക്കുളവും അടക്കം ഒട്ടേറെ സൗകര്യങ്ങളുള്ള കപ്പലിൽ 400 പേർക്ക് സഞ്ചരിക്കാനാകും.

മുംബൈയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്കുളള യാത്ര ഉല്ലാസപ്രദമാക്കുക എന്നതിനൊപ്പം കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്‌ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണു കപ്പലിലുണ്ടാകുക.

മുംബൈയിൽനിന്നു ട്രെയിനിൽ ഗോവയിലെത്താൻ എ‍‍ട്ടുമുതൽ പത്തുമണിക്കൂർ വരെ എടുക്കുമെന്നിരിക്കെ കപ്പൽ 16 മണിക്കൂറാണ് എടുക്കുന്നത്. കൂടാതെ ഒരാൾക്ക് 7000 രൂപയാണു ടിക്കറ്റ് നിരക്കെന്നു മുംബൈ പോർട്ട് ട്രസ്റ്റ് അറിയിച്ചു.

ശീതികരിച്ച കോച്ചിൽ ട്രെയിനിൽ ഗോവയിലെത്താൻ ഏകദേശം 2600 രൂപയാണ് ചെലവ്. വോൾവോ ബസ്സുകൾ 1000 മുതൽ 2500 വരെ ചാർജ് ഈടാക്കുന്നുണ്ട്. വിമാന യാത്രക്കും 3500 മുതൽ 7000 രൂപയാണ് ചിലവ് കണക്കാക്കുന്നത്.

എന്നിരിക്കെ ഉല്ലാസകപ്പലിന്റെ സേവനം ആഡംബര യാത്ര ഇഷ്ടപ്പെടുന്നവർക്ക് മാത്രമായി ചുരുങ്ങിയേക്കാം.

To Top