ചികിത്സാ ചിലവിന്‍റെ പേരില്‍ മരിച്ചയാളുടെ അവയവം നിര്‍ബന്ധപൂര്‍വ്വം എടുത്തുമാറ്റിയ സംഭവം; അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍

അപകടത്തില്‍ മരിച്ചയാളുടെ അവയവങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം എടുത്തു മാറ്റിയ സംഭവത്തില്‍ തമി‍ഴ്നാട്ടില്‍ നിന്നെത്തിയ സംഘത്തിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് മരിച്ച മണികണ്ഠന്‍റെ ബന്ധുക്കള്‍.

അതേസമയം അപകടത്തില്‍ പരുക്കേറ്റ് കോയന്പത്തൂരില്‍ ചികിത്സയിലുണ്ടായിരുന്ന ആറുച്ചാമിയുടെ മകന്‍ മണികണ്ഠനും ക‍ഴിഞ്ഞ ദിവസം മരിച്ചു. ചികിത്സാ ചിലവിന്‍റെ പേരില്‍ അവയവം ദാനം ചെയ്യാനാവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നതായി മണികണ്ഠന്‍റെ കുടുംബം പറഞ്ഞു.

തമി‍ഴ്നാട് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക‍ഴിഞ്ഞ ദിവസം അന്വേഷണംസംഘത്തിലെ ഉന്നതോദ്യോഗസ്ഥര്‍ മീനാക്ഷിപുരത്ത് മണികണ്ഠന്‍റെ വീട്ടിലെത്തി അച്ഛന്‍ പേച്ചിമുത്തു, സഹോദരന്‍മാരായ മനോജ്, മഹേഷ് തുടങ്ങിയവരില്‍ നിന്ന് മൊ‍ഴി രേഖപ്പെടുത്തിയിരുന്നു.

ചികിത്സയുടെ പണമടക്കാനില്ലാത്തതിനാല്‍ ആശുപത്രി അധികൃതരുടെ സമ്മര്‍ദ്ധത്തിന് വ‍ഴങ്ങി ആന്തരികാവയവങ്ങള്‍ എടുത്തു മാറ്റാന്‍ സമ്മതിക്കേണ്ടി വന്നുവെന്നാണ് ബന്ധുക്കള്‍ മൊ‍ഴി നല്‍കിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യം രേഖപ്പെടുത്താന്‍ തയ്യാറായില്ല.

മൊ‍ഴി നല്‍കിയ കാര്യങ്ങള്‍ രേഖപ്പെടുത്താത്തതിനെതിരെ ബന്ധുക്കള്‍ പ്രതികരിച്ചതോടെയാണ് ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറായത്. കോയന്പത്തൂരില്‍ മരിച്ച ആറുച്ചാമിയുടെ മകന്‍ മണികണ്ഠന്‍റെ ചികിത്സാ ചിലവിന്‍റെ പേരിലും സേലത്തെ സ്വകാര്യ ആശുപത്രി ആന്തരികാവയങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതായി ക‍ഴിഞ്ഞ ദിവസം ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരുടെ ചികിത്സാ ചിലവ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗുരുതരമായി പരുക്കേറ്റവരെ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്.

അവയവദാന സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയ നാല് പേരെ ക‍ഴിഞ്ഞ ദിവസം പാലക്കാട് കലക്ടര്‍ നേരിട്ട് കണ്ട് മൊ‍ഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ അവയവ മാഫിയയുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം.

കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം അപകടത്തില്‍ പരുക്കേറ്റവരുടേതുള്‍പ്പെടെ മൊ‍ഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം വ്യാ‍ഴാ‍ഴ്ച വീണ്ടും മീനാക്ഷിപുരത്തെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here