ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാന്റെ വിജയം 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍

ചെങ്ങന്നൂരിലെ ഇടതുതരംഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

രണ്ടുവര്‍ഷം തികച്ച പിണറായി സര്‍ക്കാരിനുള്ള അംഗീകാരമായി മികച്ച വിജയമാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് സമ്മാനിച്ചത്.

സജി ചെറിയാന് 67,303 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 46,347 വോട്ടും ലഭിച്ചു. ബിജെപിയിലെ പിഎസ് ശ്രീധരന്‍പിള്ളക്ക് 35,270 വോട്ടും ലഭിച്ചു. യുഡിഎഫ്-ബിജെപി സ്വാധീന മേഖലകളിലടക്കം വ്യക്തമായ ലീഡാണ് സജി ചെറിയാന്‍ നേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറിയ പഞ്ചായത്തുകളിലും ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ തിരുവന്‍ വണ്ടൂരും എല്‍ഡിഎഫ് വന്‍ മുന്നേറ്റം കാഴ്ചവെച്ചു.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ലീഡ് കൈവരിച്ച സജി ചെറിയാന്‍ വോട്ടെണ്ണലിലുടനീളം ഭൂരിപക്ഷം കൂട്ടികൊണ്ടിരുന്നു.

ആദ്യമെണ്ണിയ മാന്നാര്‍ പഞ്ചായത്തിലും തുടര്‍ന്ന് എണ്ണിയ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളിലും സജി ചെറിയാന്‍ ഭൂരിപക്ഷം നിലനിര്‍ത്തി.

വികസന പാതയില്‍ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അനാവശ്യ വിവാദങ്ങളിലൂടെയും ആരോപണങ്ങളിലുടെയും മാധ്യമചര്‍ച്ചകളിലൂടെയും കരിവാരിതേയ്ക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തിരിച്ചടി നല്‍കിയത്.

രാവിലെ ചെങ്ങന്നൂര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ ആരംഭിച്ച വോട്ടെണ്ണല്‍ പന്ത്രണ്ടരയോടെ അവസാനിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷമായ 7983 വോട്ടിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ വിജയിച്ചത്.

ചെങ്ങന്നൂര്‍ എംഎല്‍യായിരുന്ന കെകെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel