ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് കുമ്മനം മിസോറാം വിടണം; മിസോറാമില്‍ പ്രതിഷേധം ശക്തം

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരന്‍ മിസോറാം വിട്ട് പോകണമെന്ന ആവശ്യവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) രംഗത്തെത്തി.

തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ആര്‍ എസ് എസുകാരനാണ് കുമ്മനം രാജശേഖരനെന്നും മിസോറാമിലെ ക്രിസ്റ്റ്യന്‍ ജനതയ്ക്ക് ഭീഷണിയാണ് കുമ്മനത്തിന്‍റെ നിലപാടുകളെന്നുമാണ് പ്രിസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദ മിസോറാം പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും പ്രിസം സമീപിച്ചിട്ടുണ്ട്.

1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സഘര്‍ഷത്തില്‍ കുമ്മനം നേരിട്ടിടപെട്ടിരുന്നുവെന്നും ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ കുമ്മനം കുറ്റാരോപിതനാണെന്നും ഇവര്‍ ആരോപിക്കുന്നു.

ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകനായ കുമ്മനം ഗവര്‍ണറാകുന്നത് മിസോറാമിന് ഭീഷണിയാണെന്നും ഇത് തങ്ങളെ ആശങ്കാകുലരാക്കുന്നവെന്നും പ്രിസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ 18മത് ഗവര്‍ണറായാണ് കുമ്മനം നിയമിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here