ഫുജൈറയില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കായി മസ്ജിദ് നിര്‍മിച്ചു നല്‍കി മലയാളിയായ ക്രിസ്തുമത വിശ്വാസി

ഫുജൈറയില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കായി മസ്ജിദ് നിര്‍മിച്ചു നല്‍കി ഹൃദയങ്ങളെ ചേര്‍ത്തു പിടിക്കുകയാണ് കായംകുളം സ്വദേശി സജി ചെറിയാന്‍ എന്ന ക്രിസ്തുമത വിശ്വാസി.

റമസാനിലെ മൂന്നാം വെള്ളിയില്‍ ആദ്യ ബാങ്ക് വിളി മുഴങ്ങി. മലയാളിയായ സജി ചെറിയാന്‍ നിര്‍മിച്ച പള്ളി ഇന്നലെ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു. വ്യവസായ മേഖലയായ അല്‍ ഹൈലിലെ ലേബര്‍ ക്യാംപിനടുത്തു നിര്‍മിച്ച മുസ്‌ലിം പള്ളിയാണ് റമസാന്‍ 17ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ വിശ്വാസികള്‍ക്കു തുറന്നുകൊടുത്തത്.

റമദാനില്‍ തന്നെ പള്ളി തുറന്നുകൊടുക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് അവസാന പണികള്‍ വേഗത്തിലാക്കുകയും ജൂണ്‍ ഒന്നിന് വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ഫുജൈറയിലെ അല്‍ഹൈല്‍ ഭാഗത്ത് നിര്‍മിച്ച ഈ പള്ളി ഇവിടുത്തുകാര്‍ക്ക് ഏറെ സൗകര്യമാണ്. അടുത്തൊന്നും പള്ളികളില്ലാത്തതിനാല്‍ പത്ത് കിലോമീറ്റര്‍ ദൂരെ ഫുജൈറയിലും മറ്റും പോയാണ് ഇവര്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നത്.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് എല്ലാ ദിവസവും ഫുജൈറയില്‍ പോകുക എന്നത് വലിയ സാമ്പത്തികബാധ്യതയും വരുത്തിയിരുന്നു. 13 ലക്ഷം ദിര്‍ഹം (ഏതാണ്ട് രണ്ടുകോടി മുപ്പത്തിയേഴു ലക്ഷം രൂപ) ചെലവിട്ടാണ്, ഫുജൈറയില്‍ ബിസിനസ്സുകാരനായ കായംകുളം സ്വദേശി സജി ചെറിയാന്‍ പള്ളി നിര്‍മിച്ചുനല്‍കിയത്.

മറിയം ഉമ്മ് ഈസ എന്ന പേരിലായിരിക്കും ഇനി പള്ളി അറിയപ്പെടുന്നത്. 250 പേര്‍ക്ക് ഒന്നിച്ചു പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ളതാണ് പള്ളി. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. യാക്കോബ് മാര്‍ ഐറേനിയസ് എന്നിവരുടെ സാനിധ്യത്തില്‍ ആയിരുന്നു പള്ളിതുറന്നു കൊടുത്തത്.

വെള്ളിയാഴ്ചകളില്‍ ജുമുഅ പ്രാര്‍ഥനയ്ക്കായി നൂറുകണക്കിനു തൊഴിലാളികള്‍ 20 ദിര്‍ഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേക്കു ടാക്‌സിയില്‍ പോകുന്നതു കണ്ടപ്പോഴാണ് സജി ചെറിയാനു പള്ളി നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായത്. ഇതരമതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ മുസ്‌ലിം പള്ളി ചരിത്രത്തിലും ഇടംനേടുകയാണ്.

സജിയുടെ ആഗ്രഹത്തെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് ഫുജൈറയിലെ അധികൃതര്‍ സമീപിച്ചത്. അവര്‍ എല്ലാ പിന്തുണയും നല്‍കി. എല്ലാ മതവിശ്വാസികളെയും രാജ്യക്കാരേയും ഒരേ മനസ്സോടെ കാണുന്ന യു.എ.ഇ. എന്ന രാജ്യവും അതിന്റെ ഭരണാധികാരികളുമാണ് പ്രചോദനമായതെന്ന് സജി ചെറിയാന്‍ പറയുന്നു.

എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യ എല്‍സിയും മക്കളായ സച്ചിനും എല്‍വിനുമാണ് വലിയ പ്രോത്സഹാനമെന്ന് സജിചെറിയാന്‍ പറയുന്നു.

അഞ്ചുവര്‍ഷം മുന്‍പ് ഒരു ക്രിസ്ത്യന്‍ ദേവാലയം പണിയാന്‍ കഴിഞ്ഞിരുന്നു. അടുത്തലക്ഷ്യംഹിന്ദുസഹോദരങ്ങള്‍ക്കു വേണ്ടിയുള്ള ആരാധനാലയമാണ്. അധികൃതരുടെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ ക്ഷേത്രം പണി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി അയ്യായിരത്തോളംപേര്‍ സംബന്ധിച്ച ഇഫ്താര്‍ സംഗമവും നടന്നു.
പള്ളിയോടനുബന്ധിച്ചു വിശാലമായ കണ്‍വന്‍ഷന്‍ ഹാളുമുണ്ട്. അല്‍ ഹൈലിലെ ലേബര്‍ ക്യാംപില്‍ 53 കമ്പനികളുടെ 4500 തൊഴിലാളികളാണു താമസിക്കുന്നത്.

ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഇവര്‍ക്ക് ഏറെ അനുഗ്രഹമാണ് ഈ പള്ളി. ആലപ്പുഴ കായംകുളം തത്തിയൂര്‍ സ്വദേശിയായ സജി തന്നെയാണ് പള്ളിനിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here