നിപ ഭീതി ഒഴിയുന്നു; ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

നിപ ഭീതി ഒഴിയുന്നു, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജനങ്ങള്‍ മാസ്‌ക് ധരിച്ച് നടക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ഇതുവരെ പരിശോധിച്ച 223 സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ്.

നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ല. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ പ്രഖ്യാപിച്ച നിയന്ത്രണം തുടരും.

നിപയുടെ ഉറവിടം കണ്ടെത്താനായില്ലെങ്കിലും രോഗം പടരുന്ന സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗി ഗുരുതരാവസ്ഥയില്‍ എത്തുന്ന ഘട്ടത്തില്‍ മാത്രമേ നിപ പകരുകയുളളൂ. അതിനാല്‍ രോഗഭീതിയോടെ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് നടക്കേണ്ടതില്ലെന്ന് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് മേധാവി ഡോക്ടര്‍ ജി അരുണ്‍കുമാര്‍ പറഞ്ഞു

കോഴിക്കോടെത്തിയ ചെന്നൈയില്‍ നിന്നുളള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജിയിലെ വിദഗ്ദര്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച വരെ പരിശോധനയ്ക്ക് അയച്ച 223 സാമ്പിളുകളില്‍ മുമ്പ് കണ്ടെത്തിയ 18 പേര്‍ക്ക് മാത്രമേ നിപ സ്ഥിരീകരിച്ചിട്ടുളളൂ. അവസാനം ലഭിച്ച 22 ഫലവും നെഗറ്റീവാണ്.

രോഗം സ്ഥിരീകരിച്ച 2 പേര്‍ നല്ലനിലയില്‍ സുഖം പ്രാപിച്ചുവരുന്നു. രോഗലക്ഷണത്തോടെ 22 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുളളത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ എണ്ണം 2079 ആയി.

ഇവര്‍ക്കാര്‍ക്കും ആസ്‌ടേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കേണ്ടതില്ലെങ്കിലും ഐ സി എം ആര്‍ വിദഗ്ധരുമായി ആലോചിച്ച് മരുന്ന് നല്‍കാനുളള പ്രോട്ടോക്കോള്‍ തയ്യാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here