ഭരണത്തുടര്‍ച്ചയ്ക്ക് വയസന്‍മാര്‍ അനിവാര്യമെന്ന് തിരിച്ചറിവ്; അദ്വാനിക്ക് സ്ഥാനക്കയറ്റം നല്‍കാനൊരുങ്ങി മോദി

75 വയസു കഴിഞ്ഞവരെ പടിക്കുപുറത്ത് നിര്‍ത്തി നാല് വര്‍ഷം മുമ്പ് അധികാരം പിടിച്ചെടുത്ത നരേന്ദ്രമോദി ഭരണത്തുടര്‍ച്ചയ്ക്കായി വൃദ്ധ കേസരികളുടെ സഹായം തേടുന്നു.

2014ല്‍ പ്രധാനമന്ത്രിക്കുപ്പായം തുന്നിച്ച പാര്‍ട്ടി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെയും മുതിര്‍ന്ന പദവി മോഹിച്ച മുരളി മനോഹര്‍ ജോഷിയെയും മാര്‍ഗദര്‍ശക മണ്ഡലിലേക്ക് ഒതുക്കിയ മോദി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവര്‍ക്കും പ്രായത്തില്‍ ഇളവ് നല്‍കി വീണ്ടും മത്സര രംഗത്തിറക്കുകയാണ്.

ഈ ആവശ്യവുമായി മോദിയും അമിത് ഷായും അദ്വാനിയെ വീട്ടിലെത്തി കണ്ടതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തു.

ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍വി പിണഞ്ഞതും പ്രതിപക്ഷ ചേരി ശക്തിപ്പെടുന്നതും തിരിച്ചറിഞ്ഞാണ് മോദി വിജയസാധ്യത മാത്രം കണക്കാക്കി ഇവരെ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്.

ഘടകകക്ഷികള്‍ വിട്ടുപിരിയുന്നതും ശിവസേനയും ജെഡിയുവും അസംതൃപ്തരാണെന്നതും മോദിയുടെ നിലപാട് മാറ്റത്തിന് കാരണമായി.

ഭരണം മാത്രം മുന്നില്‍ കണ്ട് കര്‍ണാടകയില്‍ 75 പിന്നിട്ട യെദിയൂരിയപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. പക്ഷേ ആ പരീക്ഷണം വിജയം കണ്ടില്ല.

75 വയസ് പിന്നിട്ടവര്‍ക്ക് പ്രധാന സ്ഥാനങ്ങളൊന്നും നല്‍കില്ലെന്ന പേരിലാണ് അന്ന് മോദിയും അമിത് ഷായും ചേര്‍ന്ന് 2014ല്‍ മുതിന്ന നേതാക്കളെ ഒഴിവാക്കിയത്.

ലോക്‌സഭാംഗയിലേക്ക് ജയിച്ചിച്ചെങ്കിലും മോദി അധികാരത്തിലെത്തിയതോടെ അദ്വാനിക്കും ജോഷിക്കും പ്രത്യേകിച്ച് ഒരു പദവിയും നല്‍കാതെ മാറ്റിനിര്‍ത്തി.

പാര്‍ട്ടിയുടെ ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് പോലും ഇവരെ ഒഴിവാക്കി. പകരം മാര്‍ഗദര്‍ശക് മണ്ഡല്‍ രൂപവത്കരിച്ച് ഇവരെ അതില്‍ അംഗങ്ങളാക്കി. എന്നാല്‍ നാളിതുവരെ ഈ മാര്‍ഗദര്‍ശക് മണ്ഡല്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രസക്തനായ 90 പിന്നിട്ട അദ്വാനിയാകട്ടെ ഇന്ന് പാര്‍ട്ടിയില്‍ ഏറെക്കുറെ നിശബ്ദനാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത അനുദിനം മങ്ങിക്കൊണ്ടിരിക്കെ അദ്വാനിയെ പോലെ പരിചയ സമ്പത്തുള്ള നേതാക്കള്‍ മുന്‍നിരയിലുണ്ടെങ്കില്‍ മറ്റ് കക്ഷികളെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് മോദിഷാ കൂട്ടുകെട്ടിന്റെ കണക്കുകൂട്ടല്‍.

ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ പിണക്കം മാറ്റാന്‍ അമിത് ഷാ തന്നെ ബുധനാഴ്ച മുംബൈയിലെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News