ഇന്ത്യയില്‍ ഒരു മിനിറ്റില്‍ മരിച്ചുവീ‍ഴുന്നത് രണ്ട് കുട്ടികള്‍; കേന്ദ്രത്തിന്‍റെ മുന്‍ഗണനയാകട്ടെ ഡിജിറ്റല്‍ ആരോഗ്യത്തിലും

ജനീവയില്‍ ക‍ഴിഞ്ഞ മാസം നടന്ന ലോകാരോഗ്യ സംഘടനയുടെ 71ാംസമ്മേളനം ഇന്ത്യമുന്നോട്ട് വെച്ച “ഡിജിറ്റല്‍ ആരോഗ്യ പ്രമേയം” അംഗീകരിച്ചു.

ഇതിന്‍റെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ ഉടനെ ദില്ലിയില്‍ “ആഗോള ഡിജിറ്റല്‍ ആരോഗ്യ സമ്മേളനം ” സംഘടിപ്പിക്കും. ആരോഗ്യ രംഗത്തും നയതന്ത്ര രംഗത്തുമുളള ഇന്ത്യയുടെ വന്‍ വിജയം എന്നാണ് ജനീവയില്‍ വെച്ച് ആരോഗ്യ മന്ത്രി ജെ പി നദ്ദ വിശേഷിപ്പിച്ചത്.

ഡിജിറ്റല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കിയാല്‍ എല്ലാവരുടേയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുമെന്നും മികച്ച ചികിത്സ നല്കാന്‍ ഇത് പ്രാപ്തമാക്കുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

” രോഗം ബാധിച്ച ഒരാള്‍ ഒരു അശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ അയാള്‍ പലവിധ പരിശോധനകള്‍ക്കും വിധേയനാകേണ്ടിവരും. പിന്നീട് അയാള്‍ മറ്റൊരു ആശുപത്രിയില്‍ പോയാല്‍ അതേ പരിശോധന വീണ്ടും നടത്തേണ്ടിവരും.എന്നാല്‍ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കിയാല്‍ ഇതൊ‍ഴുവാക്കാം. ഒരു വ്യക്തി നടത്തുന്ന എല്ലാ പരിശോധനയും അയാളുടെ ഡിജിറ്റല്‍ ഹെല്‍ത്ത് എക്കൗണ്ടില്‍ എപ്പോ‍ഴും കാണാം.”

മറ്റൊരു തരം ഹെല്‍ത്ത് ആധാര്‍ സംവിധാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ആഗോള പിന്തുണ തേടുന്നതിനായാണ് ദില്ലിയില്‍ ആഗോള ഡിജിറ്റല്‍ ആരോഗ്യ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരുമുണ്ട്. ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ “ആരോഗ്യ ” ഇടപാടില്‍ നടക്കാന്‍ പോകുന്നത് കോടികളുടെ അ‍ഴിമതി ആയേക്കും.

പ്രമുഖ രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പോതുജനാരോഗ്യ സംരക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ 195 ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 154 ആണ്.

ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ബംഗ്ളാദേശ്, നേപ്പാള്‍,ഘാന,ലൈബീരിയ എന്നീ രാജ്യങ്ങള്‍.ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഒരു മിനുട്ടില്‍ അഞ്ച് വയസ്സിന് താ‍ഴെയുളള 2 കുട്ടികള്‍ വീതമാണ് ഇന്ത്യയില്‍ മരിക്കുന്നത്.

10,189 പേര്‍ക്കായുളളത് ഒരു ഡോക്ടര്‍, 2,046 പേര്‍ക്കായുളളത് ഒരു ആശുപത്രി കിടക്ക,90,343 പേര്‍ക്കായുളളത് ഒരു സര്‍ക്കാര്‍ ആശുപത്രി.

പല സംസ്ഥാനങ്ങളിലേയും സര്‍ക്കാര്‍ ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്.സര്‍ക്കാര്‍ പൊതു മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കാത്തതാണ് അടിസ്ഥാന കാരണം.

മൊത്ത ആഭ്യന്തര ഉല്പാദനത്തിന്‍റെ വെറും 4% മാത്രമാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവെക്കുന്നത്. ഈ 4%ത്തിലെ മിക്കതും സ്വകാര്യമേഖലയുടെ സംഭാവനയാണ്.

സ്വകാര്യമേഖലയുടെ പ്രയോജനം പാലപ്പെട്ടവര്‍ക്ക് ലഭിക്കുന്നുമില്ല. വാണിജ്യ താലപര്യം മാത്രം മുന്‍ നിര്‍ത്തിയുളള ആരോഗ്യ നയമാണ് അടിസ്ഥാന പ്രശ്നം.ഇത് തിരുത്താതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല.

വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം ആരോഗ്യരംഗത്ത് നടപ്പിലാക്കണമെന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല.

ഭാര്യയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകള്‍ കാല്‍ നടയായി താണ്ടിയ ദാനാ മാഞ്ചിയുടെ പോക്കറ്റിലും ഖോരക്പൂരിലെ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ കൈകളിലും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.

സാങ്കേതിക വിദ്യയിലൂടെ അവര്‍ സഹായം തേടിയിരുന്നു. പക്ഷെ കുത്ത‍ഴിഞ്ഞ സംവിധാനം അവരുടെ സഹായത്തിനെത്തിയില്ല.

ഇതാണ് ഇന്ത്യന്‍ ആരോഗ്യ രംഗത്തിന്‍റെ അടിസ്ഥാന പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്ന ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയാണ് ഇന്ത്യക്കാവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News