ആലുവയില്‍ സംഘര്‍ഷത്തിന് നേതൃത്വം നൽകിയവരില്‍ ഭീകരവാദബന്ധമുള്ളയാള്‍; പ്രതിപക്ഷശ്രമം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി

ആലുവയില്‍ സംഘര്‍ഷത്തിന് നേതൃത്വം നൽകിയത് തീവ്രവാദി മാത്രമല്ല, ഭീകരവാദബന്ധമുള്ള ആളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് യുഎപിഎ കേസുകളില്‍ പ്രതിയാണിയാൾ. ഇത്തിൽ ഒരാളെ സംരക്ഷിക്കാന്‍ എന്തിനാണ് പ്രതിപക്ഷം ഇത്രയും സാഹസം കാട്ടുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

ആലുവക്കാരെല്ലാവരും തീവ്രവാദികളാണെന്നോ പ്രതിപക്ഷാംഗത്തിന് ഇവരുമായി ബന്ധമുണ്ടെന്നോ താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. അതെസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ആലുവയില്‍ സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കുകയും വനിതാപൊലീസ് ഉദ്യോഗസ്ഥരെ അടക്കം ആക്രമിക്കുകയും ചെയ്തതവരില്‍ തീവ്രവാദ-ഭീകരവാദബന്ധമുള്ളയാളുണ്ട്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കാശ്മീരില്‍ വച്ച് ഭീകരവാദപ്രവര്‍ത്തനത്തിനിടയില്‍ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ കൂട്ടുപ്രതി ആയിരുന്നെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

പോലീസിനെ ആലുവയില്‍ ആക്രമിച്ചവര്‍ക്ക് തീവ്രവാദബന്ധമുണ്ട് എന്ന പ്രശ്‌നമാണ് ഉന്നയിച്ചിട്ടുള്ളത്. ഇത് വസ്തുതാപരമായ കാര്യമാണ്. അല്ലെന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുന്നതാണോ? ആ പറഞ്ഞതില്‍ എന്താണ് തെറ്റുള്ളത്? ഈ വസ്തുത സഭയെ അറിയിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തം കൂടിയാണെന്നും തെറ്റിധാരണപരത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷ MLAമാർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കലാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

ഇത് ചട്ട പ്രകാരം പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണം കേൾക്കാൻ തയ്യാറാകാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News