രാജ്യസഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലും തര്‍ക്കം; മാണിയും മകനുമല്ലാതെ മത്സരിക്കാന്‍ വേറെയും ആളുകള്‍ ഉണ്ടെന്ന് പി.ജെ ജോസഫും സിഎഫ് തോമസും

തിരുവനന്തപുരം: ഒഴിവ് വന്ന രാജ്യസഭാ സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലും തര്‍ക്കം. മാണിയും മകനുമല്ലാതെ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന് പി.ജെ ജോസഫും, സി എഫ് തോമസും പറഞ്ഞു.

അപ്രതീക്ഷിതമായി ലഭിച്ച രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസിലും തര്‍ക്കമുണ്ടെന്ന് വെളിവാക്കുന്ന അഭിപ്രായ പ്രകടനം പി.ജെ ജോസഫും, സി എഫ് തോമസും നടത്തിയത് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ്.

പാര്‍ട്ടി ലീഡറായ കെഎം മാണിയെ രാജ്യസഭയിലേക്ക് അയക്കാനാണ് കേരളാ കോണ്‍ഗ്രസ് ആലോചിച്ചത്. എന്നാല്‍ പാലയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നേക്കുമെന്നത് കേരളാ കോണ്‍ഗ്രസിനെ പിന്നോട്ട് അടിപ്പിച്ചു. കോട്ടയം എംപിയും, മകനുമായ ജോസ് കെ മാണിയുടെ പേരായിരുന്നു പിന്നെ പരിഗണനയ്ക്ക് വന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ ഇനി ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ജോസ് കെ മാണിക്ക് അനുകൂലമായ ഘടകമാണ്.

യുഡിഎഫുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കാമെന്ന് പൊതു ധാരണയാണ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം കൈകൊണ്ടത്. മാണിയും മകനുമല്ലാതെ മല്‍സരിക്കാന്‍ പാര്‍ട്ടിയില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന് പി.ജെ ജോസഫും, സിഎഫ് തോമസും അഭിപ്രായപെട്ടത് ശ്രദ്ദേയമായി.

ഒരു മാധ്യമ പ്രവര്‍ത്തകന്റെയും ഡികെ ജോണിയുടെ പേരും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ യുഡിഎഫിന് കൂടി പൊതുസ്വീകാര്യനായ ആള്‍ വേണമെന്ന് പാര്‍ട്ടി എംഎല്‍എല്‍മാര്‍ അഭിപ്രായപ്പെട്ടു.

2019ല്‍ ഒരു ലോക്‌സഭാ സീറ്റ് ലക്ഷ്യം വെച്ച് പിജെ ജോസഫ് പറഞ്ഞ അഭിപ്രായ പ്രകടനം മാണി ഗ്രൂപ്പിനുളളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തിന്റെ തെളിവായി.
സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ തീരുമാനിക്കുമെന്ന് കെഎം മാണി യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിലെ കെഎം മാണിയുടെ മുറിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും രണ്ട് എംപിമാരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here