അന്ന് പറഞ്ഞു: ”മാണി എന്ന മാരണം”; ഇന്ന് അടിയറവും പറഞ്ഞു

തിരുവനന്തപുരം: കെ.എം മാണിയുടെ രാഷ്ട്രീയ ചരിത്രം നേറികേടിന്റേതാണ് എന്ന് രണ്ടര വര്‍ഷം മുന്‍പ് പറഞ്ഞവരാണ് തിരിച്ചുവരവിനെ ഇപ്പോള്‍ പുകഴ്ത്തുന്നത്.

മാണി എന്ന മാരണം എന്ന വീക്ഷണം മുഖപ്രസംഗത്തില്‍ മുന്നില്‍ നിന്നും കൈക്കൂപ്പി പിന്നില്‍ നിന്നും കുത്തി മലര്‍ത്തുന്നതാണ് മാണി രാഷ്ട്രീയമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ മനപൂര്‍വ്വുമായി മറക്കുന്നു.

വിലപേശിയും പിടിച്ചു പറിച്ചും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയാണ് മാണി ശൈലി എന്നാരോപിച്ചവര്‍ തന്നെ ഇപ്പോള്‍ മാണിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

ഇന്ന് രണ്ടില കൈപ്പത്തിക്ക് വിശ്വസ്തമാകുന്നു. എന്നാല്‍ രണ്ടര വര്‍ഷം മുന്‍പ് 34 വര്‍ഷമായി തുടര്‍ന്ന സഖ്യമാണ് കെ.എം മാണി വിച്ഛേദിച്ചത്. അന്ന് ആ വിശ്വാസവുമാണ് തകര്‍ന്നത്.

എന്നാല്‍ അതെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസ് അറിഞ്ഞു കൊണ്ട് വിസ്മരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം കുറിച്ച മുഖപ്രസംഗം ഇന്ന് ഏറെ പ്രസക്തമാണ്.

‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ മുന്നണിക്കകത്ത് നിന്ന് തര്‍ക്കിച്ചും വിലപേശിയും അനര്‍ഹമായ പലതും നേടിയ മാണി, രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്ന് പറയാന്‍ കോണ്‍ഗ്രസ് കാണിച്ച ആര്‍ജവമാണ് ഇന്ന് തകര്‍ന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജ് മുതല്‍ പി.സി ജോര്‍ജ്ജ് വരെയുള്ള നേതാക്കളെ പലതരം ഹീന കൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുള്ളതും മുഖപ്രസംഗത്തില്‍ അവര്‍ കുറിച്ചു.

മാണിക്കും മകനും വേണ്ടിയുള്ള പാര്‍ട്ടിയെ ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നത് കൊണ്ടാണ് അവര്‍ക്ക് അസ്തിത്വമുണ്ടായതെന്നും എന്നാല്‍ താനും മകനും 40 പേരും ചേര്‍ന്നാല്‍ കോട്ടയത്ത് വിജയത്തിന്റെ കപ്പലുണ്ടാക്കാന്‍ കഴിയുമെന്ന മിഥ്യയിലാണ് മാണിയെന്നും ലേഖനം പറഞ്ഞു വച്ചു.

മുന്നില്‍ നിന്ന് കൈക്കൂപ്പി വന്ദനം ചെയ്തും പിന്നില്‍ നിന്നു കുത്തിമലര്‍ത്തുന്ന മാണിരാഷ്ട്രീയത്തിന് കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും ശിഷ്യപ്പെടെണ്ടിവരുമെന്ന് പറഞ്ഞവര്‍ തന്നെ ഇന്ന് മാണിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. കെ.എം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമായിരുന്നു.

മാണിയുടെ രാഷ്ട്രീയ ചരിത്രം നേരിന്റേതല്ല മറിച്ച് നെടികേടിന്റേതാണെന്ന് പറഞ്ഞവര്‍ തന്നെ വീണ്ടും ഒപ്പം കൂട്ടി എന്നതും വൈരുദ്ധ്യം. വിലപേശിയും പിടിച്ചുപറിച്ചും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയാണ് മാണി ശൈലി എന്നറിയുന്നവര്‍ തന്നെ ആയുധം വച്ച് കീഴടങ്ങിയ സാഹചര്യം.

അതുകൊണ്ട് യു.ഡി.എഫ് നൂറുവട്ടം തോറ്റാലും മാണിയെ തിരിച്ചുവിളിച്ചുള്ള രാഷ്ട്രീയ പുനഃസംഗമത്തിന് കോണ്‍ഗ്രസ് തയ്യാറാകരുത് എന്ന് 2017 ജൂണ്‍ 10ന് മുഖപ്രസംഗത്തില്‍ കുറിച്ചപ്പോള്‍ 2018 ജൂണ്‍ 8 കേരള കോണ്‍ഗ്രസ്സിനെ മുന്നണിയുടെ ഭാഗമാക്കി എന്നത് യാഥാര്‍ത്ഥ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News