‘മോദി പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് പറയുന്നതിനനുസരിച്ച്; ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഒരു ഉപകാരവുമില്ല’; ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ദില്ലി: നരേന്ദ്രമോദിയ്‌ക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, കുത്തക മുതലാളിമാര്‍ക്കായി ബാങ്കുകളെ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോഹന്‍ ഭാഗവതും ആര്‍എസ്എസും പറയുന്നതിനനുസരിച്ചാണ് മോദി പ്രവര്‍ത്തിക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് കോടികള്‍ അനുവദിച്ചു കൊടുക്കുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കര്‍ഷകരെ കാണാനാകില്ലെന്നും കുത്തക കമ്പനികള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ് രാഹുല്‍ കൂട്ടിചേര്‍ത്തു.
രാജ്യത്തുള്ള ഒബിസി വിഭാഗക്കാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അതേസമയം, മോദിക്കെതിരെ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രി ചിദംബരവും രംഗത്തെത്തി.

മോദി സര്‍ക്കാരിന് കീഴില്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ കെട്ടിവെയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം തെറ്റാണെന്നും ചിദംബരം വ്യക്തമാക്കി.

പത്തൊന്‍പതു സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് പെട്രോള്‍ ഡീസല്‍ വില കുറയ്യ്ക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News