മരട് സ്‌കൂള്‍ബസ് അപകടം: അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി; റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം കലക്ടര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചി മരടില്‍ ഡേകെയര്‍ സെന്ററിലെ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പിഞ്ചുമക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിയായ സംഭവം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുട്ടികളുടേയും ആയയുടേയും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. അപകടം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ പാലിക്കേണ്ട വ്യവസ്ഥകളെ സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ സ്‌കൂള്‍ തുറക്കും മുമ്പ് തന്നെ നല്‍കിയിരുന്നു.

നിബന്ധനകള്‍ക്ക് അനുസരിച്ചു തന്നെ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ഇന്ന് ഉച്ചയ്ക്ക് 3.45ഓടെയാണ് സംഭവം. കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ സെന്ററിലെ വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളും ജീവനക്കാരി ലതാ ഉണ്ണിയുമാണ് അപകടത്തില്‍ മരിച്ചത്.

മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ഡേകെയര്‍ സെന്ററിലെ ബസ് മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ നില ഗുരുതരാവസ്ഥയിലാണെന്നും വിവരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here