ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടിയിലായത് മഹാരാഷ്ട്രയില്‍ നിന്ന്

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

വിജയപുര സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോറിനെയാണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഗുണ്ടകളുമായ സുചിത് കുമാര്‍, കെ.ടി നവീന്‍കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാട് പുലര്‍ത്തുന്നയാളാണെന്നും അതുകൊണ്ടാണ് അവരെ കൊന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

എംഎം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിയില്‍ കൊല്ലപ്പെട്ടത്. 2015 ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്.

രണ്ടുപേരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തെളിവ് ഇപ്പോഴാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here