രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാര്‍ട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത് ? – Kairalinewsonline.com
DontMiss

രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാര്‍ട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത് ?

ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്നതല്ല പ്രശ്‌നം

ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്നതല്ല പ്രശ്‌നം. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് പി.ജെ. കുര്യന്‍ ചോദിക്കുമ്പോള്‍ കൊമ്പുണ്ടെന്ന് വിഷ്ണുനാഥ്. ഉമ്മന്‍ചാണ്ടി ചെണ്ടയാണെന്ന് ഐ ഗ്രൂപ്പ് പറയുമ്പോള്‍ ചെണ്ടയല്ലെന്ന് എ ഗ്രൂപ്പ്. ഐയും എയും ചേര്‍ന്നുള്ള സങ്കരയിനത്തില്‍പെട്ടവര്‍ ഇനി മുതല്‍ എന്ത് എന്ന ചോദ്യവും ഉയര്‍ത്തുന്നു.

രാജ്യസഭാ സീറ്റിനെചൊല്ലിയുള്ള കോണ്‍ഗ്രസ്സിലെ തര്‍ക്കം ക്രമസമാധാനപ്രശ്‌നമായി പലപ്പോഴും ഉയര്‍ന്നുവരികയുണ്ടായി. വിഴുപ്പലക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണ്ടും മുന്‍പന്തിയിലായിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ മലയാളഭാഷയിലുള്ള അശ്ലീലച്ചുവയുള്ള പദാവലികള്‍ പോലും ഉപയോഗിച്ചുകൊണ്ടായിരുന്നു ചിലരുടെ ശകാരം. ഇതെല്ലാം കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങളാവാം.

കോണ്‍ഗ്രസ്സിന്റെ തമ്മിലടിയില്‍ രാഷ്ട്രീയമോ നയപരമോ ആയ പ്രശ്‌നങ്ങളുമില്ല. എന്നാല്‍ അതീവ സങ്കീര്‍ണ്ണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാര്‍ട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത്? അധികാരവും പദവിയും കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്.

ആ മത്താണ് തമ്മിലടിക്ക് അടിസ്ഥാനം. വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കക്ഷികളെല്ലാം യോജിച്ച് അണിനിരക്കേണ്ട ഒരു സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ തമ്മിലടി.

ദുരിതപൂര്‍ണ്ണമായ ജീവിതം അതാണ് സംഘപരിവാര്‍ ഭരണം ജനങ്ങള്‍ക്ക് നല്‍കിയത്. എല്ലാ വിഭാഗം ജനങ്ങളും സംഘപരിവാര്‍ ഭരണത്തില്‍ അസംതൃപ്തരാണ്. മോഡി അധികാരത്തില്‍ വന്നതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും ജനവിധി ബിജെപിക്ക് എതിരാണ്.

എന്നിട്ടും കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ പലരും സ്വന്തം കൂടുവിട്ട് വര്‍ഗീയഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്കൊഴുകി. തമ്മിലടിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല.

ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. മതനിരപേക്ഷതയുടെ പക്ഷത്താണ് കോണ്‍ഗ്രസ്സിലെ സാധാരണജനങ്ങള്‍ അണിനിരക്കേണ്ടത്. പദവിക്കുവേണ്ടിയുള്ള ഈ തമ്മിലടി എച്ചില്‍കഷണത്തിനുവേണ്ടി തെരുവുപട്ടികള്‍ നടത്തുന്ന കടിപിടിപോലെയായി മാറി.

ഗാന്ധിയന്‍പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതെല്ലാം തിരിച്ചറിയാന്‍ കഴിയുമെന്ന് നമുക്കാശിക്കാം. ശരിയുടെ പക്ഷത്ത് അവര്‍ക്ക് അണിനിരക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

To Top