കനത്ത മഴ തുടരുന്നു; വന്‍ നാശനഷ്ടങ്ങള്‍; സ്‌കൂളുകള്‍ക്ക് അവധി – Kairalinewsonline.com
DontMiss

കനത്ത മഴ തുടരുന്നു; വന്‍ നാശനഷ്ടങ്ങള്‍; സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു.

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശം.

കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. വ്യാപക കൃഷിനാശം ഉണ്ടായെങ്കിലും ആളപായമില്ല. പലയിടത്തും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലും അട്ടപ്പാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി നല്‍കി.

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് ആനക്കാംപോയില്‍ വനമേഖലയിലെ മുത്തപ്പന്‍പുഴ, തേന്‍പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഇതോടെ ശക്തമായ മലവെളളപാച്ചില്‍ രൂപപ്പെട്ടു. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് നൂറോളം കുടുംബങ്ങളെ രാത്രി മുതല്‍ മാറ്റിപാര്‍പ്പിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതിനാല്‍ ആളപായമില്ല. പലസ്ഥലങ്ങളിലും വെളളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡ് തകര്‍ന്നു.

ഗതാഗതം മുടങ്ങിയതിനാല്‍ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയാണുളളത്, വൈദ്യതി മുടങ്ങി. ശക്തമായ മണ്ണൊലിപ്പില്‍ 50 ഹെക്ടറില്‍ അധികം വരുന്ന സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. എം എല്‍ എ ജോര്‍ജ് എം തോമസും ജില്ലാ കളക്ടര്‍ യു വി ജോസും സ്ഥലം സന്ദര്‍ശിച്ചു.

ദിവസങ്ങളായി തുരുന്ന കനത്തമഴ പാലക്കാട് ജില്ലയിലെ മലയോര മേഖലയിലാണ് ഏറെ നാശം വിതച്ചത്. കല്ലടിക്കോട് പാലക്കയത്ത് രണ്ട് തവണ ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ തകര്‍ന്നു.

അട്ടപ്പാടിയിലെ പല മേഖലയിലും മഴക്കെടുതി രൂക്ഷമാണ്. ചുരം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി, വ്യാപകമായി കൃഷി നശിച്ചു. ഭവാനി, ശിരുവാണി പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പട്ടിമാളത്ത് സുഗുണന്‍ വത്സമ്മ എന്നവരം സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാം ദിവസവും പാലക്കാട് കളക്ടര്‍ അവധി നല്‍കി. കണ്ണൂര്‍ മൈസൂര്‍ റൂട്ടിലെ മാക്കൂട്ടം ചുരത്തില്‍ മണ്ണിടിഞ്ഞ് അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

മരങ്ങളും മണ്ണും റോഡില്‍ തടസ്സം സൃഷ്ടിച്ചതിനാല്‍ കെ എസ് ആര്‍ ടി സി യാത്രക്കാരടക്കം മണിക്കൂറുകളായി കുടുങ്ങി.

To Top