നിപ്പ നിയന്ത്രണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക; പനി ബാധ കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഹെെക്കോടതിയുടെ പ്രശംസ – Kairalinewsonline.com
Featured

നിപ്പ നിയന്ത്രണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക; പനി ബാധ കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഹെെക്കോടതിയുടെ പ്രശംസ

വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍

നിപ്പ നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രശംസ. പനി ബാധ കണ്ടെത്തുന്നതിലും വ്യാപനം തടയുന്നതിലും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി പ്രശംസിച്ചു.

ഇക്കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിപ്പ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ബോധവല്‍ക്കരണ നടപടികള്‍ക്കെതിരെ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോ‍ഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.

നിപ്പ പനി ബാധ കണ്ടെത്തുന്നതിലും പകരാതിരിക്കുന്നതിനും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചുെവെന്നാണ് കോടതിയുടെ പ്രശംസ. ഡോക്ടര്‍മാരുടെയും ന‍ഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്.

കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.സര്‍ക്കാര്‍ കാണിച്ച ജാഗ്രതയും നടപടികളും കണക്കിലെടുക്കുമ്പോള്‍ ബോധവല്‍ക്കരണത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ ബോധവല്‍ക്കരണ പരിപാടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ മോഹനനന്‍ വൈദ്യര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോ‍ഴിക്കോട് സ്വദേശികളായ നിയമ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൂടാതെ ഇവരുടെ പ്രചാരണങ്ങള്‍ അടങ്ങിയ കുറിപ്പുകളും ദൃശ്യ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഫെയ്സ് ബുക്ക്, ഗൂഗിള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.ഇതെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു.

To Top