ഡിസിസി ഓഫീസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ച സംഭവം; കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍

എറണാകുളം ഡി സി സി ഓഫീസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ച സംഭവത്തില്‍ മൂന്ന് കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍.കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്‍ സബീര്‍,അനൂപ്,ആലുവ ബ്ലോക്ക് സെക്രട്ടറി മുജീബ് എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡി സി സി പ്രസിഡന്‍റ് ടി ജെ വിനോദിന്‍റെ പരാതിയിലാണ് പ്രതികളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തു.

കേരളകോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരെയാണ് എറണാകുളം ഡി സി സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ച് പ്രതിഷേധമുണ്ടായത്.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെയായിരുന്നു പ്രതിഷേധം.  ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചുവെന്നും എ‍ഴുതി പോസ്റ്ററും പതിച്ചിരുന്നു.

ഇതെ തുടര്‍ന്ന് ഡി സി സി പ്രസിഡന്‍റ് ടി ജെ വിനോദ് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ കെ എസ് യു നേതാക്കള്‍ തന്നെയാണ് പ്രതികള്‍ എന്നു തിരിച്ചറിഞ്ഞ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമീപത്തെ സി സി ടിവി പോലീസ് പരിശോധിച്ചിരുന്നെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല.തുടര്‍ന്ന് ശവപ്പെട്ടി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

രാത്രി 11 മണിയോടെ എത്തിയ ചിലര്‍ തന്‍റെ കടയില്‍ നിന്നും ശവപ്പെട്ടി വാങ്ങിയിരുന്നുവെന്ന ബ്രോഡ്വേയിലെ ശവപ്പെട്ടി കച്ചവടക്കാരന്‍റെ മൊ‍ഴിയാണ് പ്രതികളായ കെ എസ് യു പ്രവര്‍ത്തകരെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News