ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച സംഭവം; രണ്ട‌് ആർഎസ‌്എസ‌് പ്രവര്‍ത്തകര്‍ അറസ‌്റ്റിൽ

ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച കേസിൽ രണ്ട‌് ആർഎസ‌്എസ‌ുകാർ അറസ‌്റ്റിൽ. കാലടി കുളത്തറ സ്വദേശി അനീഷ‌് വിളവൂർക്കൽ വേങ്കോട‌് സ്വദേശി അരുൺ എന്നിവരാണ‌് അറസ‌്റ്റിലായത‌്. ബുധനാഴ‌്ച വൈകിട്ടോടെ കരമന പൊലീസാണ‌് ഇവരെ പിടികൂടിയത‌്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന‌് അറസ‌്റ്റ‌് രേഖപ്പെടുത്തി. ഇവരെ അറസ‌്റ്റ‌് ചെയ‌്തതറിഞ്ഞ‌് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട‌് നിരവധി ആർഎസ‌്എസ‌്﹣-ബിജെപി പ്രവർത്തകർ കരമന സ‌്റ്റേഷന‌് മുന്നിലെത്തി.

പൊലീസിനെ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കാനും ശ്രമം നടന്നു. പാപ്പനംകോട‌് അമ്പനാട‌് യൂണിറ്റ‌് ഭാരവാഹി നീറമൺകര ഗൗരീനഗറിൽ ഹിമേഷിന്റെ ഓട്ടോറിക്ഷയാണ‌് ചൊവ്വാഴ‌്ച പുലർച്ചെ തീയിട്ട‌് നശിപ്പിച്ചത‌്.

തിങ്കളാഴ‌്ച ഡിവൈഎഫ‌്ഐ‌യുടെ നേതൃത്വത്തിൽ അമ്പനാട്ട‌് പഠനോപകരണവിതരണം സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ സംഘാടകരിൽ പ്രധാനിയായിരുന്നു ഹിമേഷ‌്. പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കാനെത്തിയിരുന്നു.

ഇതിൽ വിറളിപൂണ്ടാണ‌് ഇവർ ആക്രമണം നടത്തിയത‌്. കനകനഗറിലെ ഹിമേഷിന്റെ വീടിനുമുന്നിൽ കിടന്ന ഓട്ടോറിക്ഷയാണ‌് തീയിട്ടത്. ഹിമേഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഓട്ടോറിക്ഷ.

കഴിഞ്ഞ ഒരുവർഷമായി ആർഎസ‌്എസ‌്﹣-ബിജെപി പ്രവർത്തകർ നേമം കേന്ദ്രീകരിച്ച‌് ആക്രമണം തുടരുകയാണ‌്. ഇതിനോടകം പന്ത്രണ്ടിലേറെ പ്രവർത്തകരെയാണ‌് ആക്രമിച്ച‌് പരിക്കേൽപ്പിച്ചത‌്. അതിലേറെ പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങ‌ളും ആക്രമിച്ചു.

പാർടി ഓഫീസുകൾ, രക്തസാക്ഷിമണ്ഡപങ്ങൾ, കൊടിതോരണങ്ങൾ എന്നിവ നശിപ്പിക്കുന്നത‌് തുടരുകയാണ‌്. കഴിഞ്ഞയാഴ‌്ച തിരുമലയിൽ ഡിവൈഎഫ‌്ഐ‌ നേതാവിനെ വധിക്കാൻ ശ്രമിച്ച രണ്ട‌് ആർഎസ‌്എസുകാർ പിടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here