കെജരിവാളിന്‍റെ സമരം ഏ‍ഴാം ദിവസത്തിലേക്ക്; പിന്തുണയുമായി മുഖ്യമന്ത്രിമാര്‍; പിണറായി വിജയന്‍ കെജരിവാളിന്റെ വസതി സന്ദര്‍ശിച്ചു

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ധര്‍ണയിരിക്കുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പിന്തുണയുമായി പിണറായി വിജയന്‍ അടക്കം നാലു മുഖ്യമന്ത്രിമാര്‍ രംഗത്ത്.

കര്‍ണാടക, ബംഗാള്‍, ആന്ധ്രാപേദേശ് എന്നീ മുഖ്യമന്ത്രിമാര്‍ക്കൊപ്പം പിണറായി വിജയന്‍ കേജരിവാളിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തി. ജനാധിപത്യ വിശ്വാസികള്‍ കേജരിവാളിനൊപ്പമുണ്ടെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

പിണറായി വിജയന്‍, എച്ച ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മമതാ ബാനര്‍ജി എന്നിവര്‍ ദില്ലിയിലെ ആന്ധ്രാഭവനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കേജരിവാളിന്റെ വസതിയിലേക്ക് സന്ദര്‍ശനം നടത്തിയത്.

കേജരിവാളിനെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ കത്തിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം വസതിയിലേക്കാക്കിയത്. കേജരിവാളിന് പിന്തുണ അറിയിക്കാനാണ് ദില്ലിയിലെത്തിയതെന്നും ജനാധ്യപത്യവിശ്വാസികള്‍ കേജരിവാളിനൊപ്പമുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് എച്ച്് ഡി കുമാരസ്വാമിയും, ജനാധിപത്യം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മമതാ ബാനര്‍ജിയും ചൂണ്ടികാണിച്ചു. നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചു നടക്കുന്ന ധര്‍ണ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിരാഹാരസമരം നടത്തുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരെ അറസ്‌ററ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി നാല് ആംബുലന്‍സുകളും കനത്ത സുരക്ഷയും ലഫ്റ്റനന്റ്് ഗവര്‍ണറുടെ വസതിയില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here