ഇത് ലഡാക്ക് യാത്രയുടെ സീസണ്‍; അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഇവിടെ; ‘പോകാം, നഗരങ്ങളും ഗ്രാമങ്ങളും താണ്ടി, പല ഭാഷകളും സംസ്‌കാരങ്ങളും തൊട്ടറിഞ്ഞ് മനോഹര യാത്ര’

( ‘സഞ്ചാരി‘ ഗ്രൂപ്പില്‍ ജിബിന്‍ ജോസഫ് എഴുതിയത് )

ലഡാക്ക് യാത്രയുടെ സീസൺ തുടങ്ങാൻ പോകുകയാണല്ലോ. അപ്പോൾ ഏത് റൂട്ടിലൂടെ പോകുന്നതാണ് കുറച്ചുകൂടെ നല്ലത്, പാസ് കിട്ടാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചു എന്റെ അനുഭവം വെച്ചുള്ള ചെറിയൊരു വിവരണം.

ചോദ്യം: ലഡാക്ക് റോഡ് എന്നാണു തുറക്കുന്നത്..?

ഉത്തരം: മഞ്ഞിന്റെ കാഠിന്യംപോലെയിരിക്കും റോഡ് തുറക്കാൻ. മഞ്ഞുകുറവുള്ള ചില വർഷം ഏപ്രിൽ അവസാനം തുറക്കാറുണ്ട്. എങ്കിലും സാധാരണ മെയ് പാതിക്ക് അടുത്താണ് തുറക്കാറുള്ളത്. ഓപ്പൺ ആയാൽ ടൂറിസം സൈറ്റുകളിലൂടെയും, ന്യൂസ്കളിലൂടെയും പബ്ലിക്കിനെ അറിയിക്കുകയാണ് പതിവ്.

ചോദ്യം: ലഡാക്ക് പോകാൻ പറ്റിയ സമയം ഏതാണ്..?

ഉത്തരം: ഓപ്പൺ ആവുന്നതുമുതൽ സെപ്റ്റംബർ വരെയാണ് സാധാരണ ലഡാക്ക് സീസൺ. സെപ്റ്റംബറിന് ശേഷവും പോകാം. പക്ഷെ സീസൺ അല്ലാത്തതുകൊണ്ട് കടകളും ഹോട്ടലുകളും വളരെ കുറവായിരിക്കും.

ചോദ്യം: ഡെൽഹിയിൽ നിന്നും പ്രധാനമായും എത്ര വഴികളാണ് Lehയിലേക്ക് ഉള്ളത്..?

ഉത്തരം: 4 വഴികൾ
1. ഡെൽഹി, ശ്രീനഗർ വഴി ലേഹ്.
2. ഡെൽഹി, മണാലി വഴി ലേഹ്.
3. ഡെൽഹി, ഷിംല, കിണൂർ, കാസ വഴി (ഇത് മണാലിയിൽ നിന്നും വരുന്ന റോഡുമായി Rohtang Passനു ശേഷം ചേരുന്നു)
4. ഡെൽഹി, പത്താൻകൊട്ട്, സച്ച് പാസ്, കില്ലർ വഴി (പ്രദേശവാശികൾ കില്ലാഡ് എന്നാണ് പറയുന്നത്). കില്ലർൽ വന്നശേഷം വലത്തേക്ക് പോയാൽ നേരെ മണാലിയിൽ നിന്നും ലേഹ് യിലേക്ക് പോകുന്ന റോഡിൽ പോയി ചാടും. ഇടത്തേക്ക് പോയാൽ most dangerous route ആയ kishtwar റൂട്ടിലൂടെ പോയി ജമ്മു, ശ്രീനഗർ വഴി ലേഹ് യിൽ എത്തിച്ചേരാം.

ചോദ്യം: ഏത് റൂട്ടിലൂടെ ലഡാക്ക് പോകുന്നതാണ് നല്ലത്..?

ഉത്തരം: ജമ്മു, ശ്രീനഗർ വഴി പോകുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. കാരണം മണാലിവഴി പോകുമ്പോൾ ഒരുപാട് ഉയരത്തിൽ സ്ഥിതിചെയ്യുന്ന രോഹ്താങ് പാസിലേക്ക് ഒറ്റയടിക്ക് കേറുന്നതിനാൽ സിക്കനസ് വരാനുള്ള ചാൻസ് കൂടുതലാണ്. തൽഫലമായി തലവേദന, ശർദി, ശ്വാസംമുട്ടൽ, തളർച്ച, ഉന്മേഷകുറവ് ഉണ്ടാകുക സ്വാഭാവികം. പിന്നെ നോർമൽ സ്ഥിതിയാവാൻ 2 ദിവസം എങ്കിലും വേണ്ടിവരും. നല്ലൊരു സ്വപ്നയാത്രയുടെ തുടക്കം മോശമാക്കണോ..? First impression is best impression എന്നല്ലേ ചൊല്ല്. ശ്രീനഗർവഴി പോകുമ്പോൾ പതിയെപ്പതിയെ ഉയരത്തിലേക്ക് പോകുന്നതിനാൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും അതിനാൽ സിക്കനസ് ഉണ്ടാവുകയുമില്ല. മടക്കയാത്രയിൽ Rohtaang passവഴി പോരുക.

മണാലി വഴിപോണം നിന്നുള്ളവർക്ക് പാസ് എടുക്കാനുള്ള ലിങ്ക് ചേർക്കുന്നു. http://admis.hp.nic.in/ngtkullu/

ചോദ്യം: ലേഹ് പോകാൻ പാസ് എടുക്കണോ..?

ഉത്തരം: ലേഹ് യിലേക്ക് മണാലി വഴി പോകുമ്പോൾ മാത്രമാണ് പാസ് എടുക്കേണ്ടത്. ഓൺലൈൻ ആയി പാസ് ലഭിക്കും. ഷിംല, such Pass, jammu, srinagar വഴി പോകുന്നതിനു പാസ് ആവശ്യമില്ല.
NB: ഏത് വഴിയിലൂടെ ലേഹ് എത്തിയാലും ലേയിൽ നിന്നും മുൻപോട്ട് പോകുന്നതിനു പാസ് എടുക്കണം.

ചോദ്യം: പാസ് എവിടെയാണ് കിട്ടുന്നത്..?

ഉത്തരം: ഓൾഡ് Leh ബസ് സ്റ്റാൻഡിനു പുറകിലുള്ള DC ഓഫീസിൽ നിന്നും പാസ് കിട്ടും. രാവിലെ 10am to 12pm വരെയാണ് പാസ് കൊടുക്കുന്ന സമയം.

ചോദ്യം: പാസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്…?

ഉത്തരം: DC ഓഫിസിൽ പാസിനുവേണ്ട അപേക്ഷാ ഫോമിൽ നമ്മുടെ കയ്യിലുള്ള ID പ്രൂഫിന്റെ No, Address, എഴുതി കൊടുക്കുക. കൂടാതെ ലേയിലെ പ്രധാന ടൂറിസ്റ്റ് പ്ലേസിന്റെ പേരുകൾ അപേക്ഷാ ഫോമിന്റെ മുകളിൽ ഉണ്ട്. നമ്മൾ എവിടെയൊക്കെ പോകുന്നു എന്ന് അതിൽ “ടിക്” ചെയ്തുകൊടുക്കുക. പോകുന്നില്ലെങ്കിലും എല്ലാത്തിലും ടിക് ചെയ്തു കൊടുത്തു പെർമിഷൻ വാങ്ങുക. കാരണം പിന്നീട് അങ്ങോട്ട് മറ്റുസ്ഥലങ്ങളിലേക്കും പോകാൻ തോന്നിയാൽ ഉപകാരപ്പെടും. പാസിന്റെ 6,7 കോപ്പിഎടുത്തു കയ്യിൽ കരുതുക. ഓരോ ചെക്ക് പോസ്റ്റിലും ഓരോ കോപ്പി കൊടുക്കേണ്ടിവരും. ഒർജിനൽ നമ്മുടെ കയ്യിൽ സൂക്ഷിക്കുക.

ചോദ്യം: ലേയ്ക്ക് പുറത്തുനിന്നും എടുത്ത റെന്റ് വണ്ടികളെ കയറ്റിവിടുമോ..?

ഉത്തരം: ലേഹ്, ഹിമാചൽ റെന്റ് ഏജൻസികൾ തമ്മിൽ കശപിശ ഉള്ളതിനാൽ പ്രൈവറ്റ് വണ്ടിയല്ലാത്തതും ലേയിൽ നിന്ന് അല്ലാത്തതുമായ റെന്റ് വണ്ടികൾ ലേ റെന്റ്അസോസിയേഷന്റെ ആളുകൾ തടയും. ലേയിൽ നിന്നും മുൻപോട്ടുപോകാൻ അവർ അനുവദിക്കില്ല.

ഇനി സ്വന്തം പേരിൽ അല്ലാത്ത ബന്ധുക്കളുടെയോ, സുഹൃക്കളുടെയോ വണ്ടിയുമായി പോകുന്നവർ ഉണ്ടെങ്കിൽ. RC ഉടമയുടെ ഒരു ID കാർഡിന്റെ കോപ്പി കയ്യിൽ കരുതുക. റെന്റ് വേണ്ടിയല്ല എന്ന് തെളിയിക്കാൻ അതുമതിയാവും.

ഇനി ഡൽഹി,മണാലിയിൽ നിന്നും റെന്റ് ബൈക്ക് എടുക്കുക മാത്രമേ പോംവഴിയുള്ളൂ നിന്നുള്ളവർ ഉണ്ടെങ്കിൽ ലേഅസോസിയേഷൻ കാരുടെ കണ്ണുവെട്ടിച്ചു പോകാനുള്ള സൂത്രം പറയാം. അവർ വണ്ടിതടയാൻ ഇറങ്ങുന്നത് സാധാരണ സഞ്ചാരികൾ ഇറങ്ങിതുടങ്ങുന്ന സമയമായ രാവിലെ 7 മണിക്ക് ശേഷമാണ്.

നിങ്ങൾ തലേന്ന് പാസ് എടുത്തുവെച്ചശേഷം അന്ന് ലേഹ് പട്ടണം കറങ്ങുക. അടുത്തദിവസം അസോസിയേഷന്റെ ആളുകൾ ചെക്കിങ്ങിനു ഇറങ്ങുന്നതിന് മുൻപായി പുലർച്ചെതന്നെ ലേയിൽ നിന്നും യാത്ര തുടങ്ങുക.

ചോദ്യം: പെട്രോൾ പമ്പ് ഇടയ്ക്കുണ്ടോ..? ഇല്ലെങ്കിൽ പെട്രോൾ കിട്ടാൻ എന്താണ് മാർഗം..?

ഉത്തരം: ലേഹ് കഴിഞ്ഞാൽ പിന്നെ Hunder ൽ ആണ് പെട്രോൾപമ്പ് ഉള്ളത്. അവിടെനിന്ന് പെട്രോൾ കിട്ടിയാൽ കിട്ടി എന്നേ പറയാൻ പറ്റൂ. ഇടയ്ക്ക് കാണുന്ന ഗ്രാമത്തിലെ കടകളിൽ പെട്രോൾ ലഭ്യമാണ്. അന്യായ വിലആയിരിക്കും. മാത്രവുമല്ല മണ്ണെണ്ണ കലർത്തിയതാണോ എന്ന് പറയാനും പറ്റില്ല.

ചോദ്യം: ലേഹ് പട്ടണത്തിൽ എന്തൊക്കെയാണ് കാണാനുള്ളത്..?

ഉത്തരം: Leh palas, Hall of fame, Shanti Stupa,Namgyal Tsemo Monastry, ഇതൊക്കെയാണ് ലേഹ് പട്ടണത്തിൽ പ്രധാനമായും കാണാൻ ഉള്ളത്.

ചോദ്യം: ലേ കഴിഞ്ഞു മുൻപോട്ടുപോയാൽ കാണേണ്ട പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ്..?

ഉത്തരം: സഞ്ചാരികളുടെ സ്വപ്നമായ Khardung laa top, Distik Monastery, Nubra valley, Pangong lake, Tsomoriri lake, Turtuk village ഇതൊക്കെയാണ് ഏറ്റവും ഫേമസ് ആയ സ്ഥലങ്ങൾ.

ചോദ്യം: ഇവിടെയൊക്കെ ടെന്റ് അടിച്ചു താമസിക്കുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ..?

ഉത്തരം: ലേഹ്,ലഡാക്ക് മേഖലയിൽ എവിടെവേണമെങ്കിലും ടെന്റ്അടിക്കാം എന്നാണു എന്റെ അനുഭവത്തിൽ നിന്നും മനസിലായത്. വളരെ നല്ല മനുഷ്യർ ആണ് അവിടെയുള്ളവർ. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ ആളുകളുടെ കണ്ണിൽ പെട്ടന്ന് പെടാത്ത സ്ഥലത്തു ടെന്റ്അടിക്കുക.

ചോദ്യം: മുകളിൽ പറഞ്ഞ സ്ഥലത്തേയ്ക്ക് പോകേണ്ട ഒരു റൂട്ട് പറയാമോ..?

ഉത്തരം: പറയാം. (കുറച്ചുകൂടെ എളുപ്പം എന്ന് തോന്നിയ റൂട്ട് ആണ് ഞാൻ പറയുന്നത്) ലേയിൽ നിന്നും Khardung la top അവിടെനിന്നും Khalsar എത്തി അവിടെനിന്നും കുറച്ചുമുന്പോട്ടു ചെല്ലുമ്പോൾ റോഡ് രണ്ടായി തിരിയുന്നു. നേരെപോയാൽ Nubra valley പോകാം. നുബ്ര വാലിയിലെ മണലിലൂടെയുള്ള ഒട്ടക സവാരി ഫേമസ് ആണ്. ഇടത്തേയ്ക്കുള്ള റോഡിലേക്ക് പോയാൽ Disthik, Hunder, ലാസ്റ്റ് ഇന്ത്യൻ ഗ്രാമമായ Turturkൽ എത്തിച്ചേരാം.
തിരിച്ചു Khalsar ഗ്രാമത്തിൽ എത്തിയശേഷം അവിടെനിന്നും ഏകദേശം 3km കഴിയുമ്പോൾ ആദ്യം കാണുന്ന നാൽകവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിലൂടെ പോയാൽ Pangong തടാകത്തിൽ വേഗം എത്തിച്ചേരാം.

ചോദ്യം: Pangong തടാകക്കരയിൽ ടെന്റ് അടിക്കാമോ, അല്ലെങ്കിൽ ഹോട്ടൽ സൗകര്യം ഉണ്ടോ..?

ഉത്തരം: ടെന്റ് അടിക്കാം. പക്ഷെ ഭയങ്കരകാറ്റാണ്. ഹോട്ടൽ സൗകര്യം ലഭ്യമാണ് അവിടെ.

ചോദ്യം: pangong lake കണ്ടുകഴിഞ്ഞാൽ പിന്നെ ഏതൊക്കെ കാഴ്ചകളിലേക്ക് പോകാം..?

ഉത്തരം: ഇതുവരെ പറഞ്ഞ സ്ഥലങ്ങൾ പ്രകാരം നിങ്ങൾക്ക് ഇനി ഒന്നുകിൽ ഏറ്റവും ഉയരം കൂടിയ റോഡ് ആയ Umling La, Tosomoriri തടാകം എന്നിവിടങ്ങളിലേക്ക്കെപോകാം. അല്ലെങ്കിൽ Pangongൽ നിന്നും Hemis വന്ന് നേരെ മണാലിക്കോ, അല്ലെങ്കിൽ Rohtang Pass വരുന്നതിനു മുൻപായി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ പോയാൽ ചന്ദ്രതാൽ തടാകം കണ്ട്, കാസ, സ്പിറ്റി വാലി, കിണൂർ വഴി ഷിംലയിലോ എത്താം.

ചോദ്യം: Umling la പോകാൻ എന്താണ് ചെയ്യേണ്ടത്..? എന്തൊക്കെയാണ് കരുതേണ്ടത്..?

ഉത്തരം: umling la പോകുന്നത് Chushul ഗ്രാമം വഴിയാണ്. ഈ വഴി ഹോട്ടലുകൾ വളരെ കുറവാണ്. Pangong തടാകത്തിൽ നിന്നും umling la, Tsomoriri തടാകം കണ്ടു മണാലി റൂട്ടിലെ Hemis പട്ടണം എത്തിപ്പെടാൻ കുറഞ്ഞത് 650-700km എങ്കിലും ഉണ്ട്. ഇത്രയും ദൂരം പോകാൻ ആവശ്യമായ പെട്രോൾ ലേയിൽ നിന്നും കരുതുക. ഇല്ലെങ്കിൽ തള്ളിതള്ളി ഊപ്പാട് തെറ്റുക, അല്ലെങ്കിൽ വണ്ടികളഞ്ഞിട്ടുപോരുക ഇതേ മാർഗമുള്ളൂ. കൂടെ ബിസ്ക്കറ്റ്, ഡ്രൈ ഫ്രൂട്സ് പോലുള്ള അത്യാവശ്യം ഭക്ഷണവും കരുതുക. ഇവിടെ പോകുന്നവർ സോളോ ആയി പോകാതെയിരിക്കുക.

ചോദ്യം: ലഡാക്ക് യാത്രയിൽ കയ്യിൽ കരുതേണ്ട മെഡിസിൻ ഏതൊക്കെയാണ്..?

ഉത്തരം: Diamox കയ്യിൽ കരുതുക ഇത് സിക്കനസിനു നല്ലതാണ്. കൂടാതെ പനി, ശർദി, വയറിളക്കം, ഫസ്റ്റ് എയ്ഡുംകയ്യിൽ കരുതുക.


ചോദ്യം: വേറെയെന്തൊക്കെയാണ് കയ്യിൽ കരുതേണ്ടത്.

ഉത്തരം: വണ്ടിയുടെ ബുക്ക് പേപ്പർ, ലൈസൻസ്, id കാർഡ്. ക്ലെച്, ആക്സിലറേറ്റർ കേബിൾ ഓരോന്നു, പഞ്ചർ കിറ്റ്, ചെറിയ എയർ പമ്പ് കിട്ടും (ചവിട്ടി എയർ അടിക്കുന്ന തരം) അതും കയ്യിൽ കരുതുക. പോകുന്നതിനു മുൻപായി വണ്ടി നല്ലപോലെ ഒന്ന് സർവീസ് ചെയ്യുക…

ഇനി വേണ്ടത് നിങ്ങളുടെ സ്വപ്നഭൂമിയിലേക്ക് പാറിനടക്കുന്ന കിളികളെപോലെ ഓരോ കാഴ്ച്ചകളും ഒപ്പിയെടുത്തു ഓരോ നിമിഷവും എൻജോയ് ചെയ്തു സാവധാനം പോകുക.

പറപ്പിച്ചുപോയാൽ റോഡ് മാത്രമേ നിങ്ങൾക്ക് കാണാൻ പറ്റൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here