സമര സ്മരണകളുടെ സംഗമവേദി; എസ്എഫ്ഐയുടെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായ വിപ്ലവ പോരാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

നാലു പതിറ്റാണ്ടിലേറെ ജില്ലയില്‍ എസ്എഫ്ഐയുടെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായ വിപ്ലവ പോരാളികളുടെ കൂട്ടായ്മ സമര സ്മരണകളുടെ സംഗമവേദിയായി മാറി.

20 മുതല്‍ 24 വരെ കൊല്ലത്ത് നടക്കുന്ന 33-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ സംഗമം പുതിയ തലമുറയ്ക്കും ആവേശമായി.

കെഎസ്എഫിന്റെ അവസാന കാലഘട്ടത്തിലും എസ്എഫ്ഐയുടെ തുടക്കം മുതലും സംഘടനയെ ജില്ലയില്‍ കരുത്തുറ്റ വിദ്യാര്‍ഥി പ്രസ്ഥാനമാക്കി മാറ്റിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഗമം സംഘടനാചരിത്രത്തില്‍ തിളങ്ങുന്ന ഏടായി കാലം അടയാളപ്പെടുത്തും.

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അധ്യക്ഷയായി.

കെഎസ്എഫിന്റെ പത്തനാപുരം താലൂക്ക് സെക്രട്ടറിയും പിന്നീട് എസ്എഫ്ഐ ജില്ലാ പ്രസിഡന്റുമായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാല്‍ മുതല്‍ നിലവില്‍ എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറിയായ ആദര്‍ശ് വരെ പങ്കെടുത്ത പരിപാടി വികാരപരവും ആവേശവുമായി.

വിദ്യാര്‍ഥി രാഷ്ട്രീയം ജനാധിപത്യ പ്രസ്ഥാനത്തിനും കലാ സാഹിത്യ സാംസ്‌കാരിക മേഖലയ്ക്കും സംഭാവന ചെയ്ത നിരവധിപേര്‍ പരിപാടിയില്‍ ഒത്തുചേര്‍ന്നു. എസ്എഫ്ഐ പ്രവര്‍ത്തനത്തെ തുടര്‍ന്ന് വിവിധ മേഖലയില്‍ തൊഴില്‍തേടി പോയവരും സംഗമത്തില്‍ പങ്കെടുക്കാന്‍ കൊല്ലം സോപാനം ഹാളില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here