തകര്‍പ്പന്‍ പ്രകടനവുമായി ബെല്‍ജിയം; പനാമക്കെതിരെ മൂന്നു ഗോളിന്റെ ജയം

ഇരമ്പിയെത്തിയ ചുവന്ന ചെകുത്താന്‍മാരുടെ ഗോള്‍വേട്ടക്ക് മുന്നില്‍ പാനമയുടെ വല കീറി.

ആദ്യ പകുതിയില്‍ പാനമ പുറത്തെടുത്ത പോരാട്ട വീര്യത്തിന് രണ്ടാം പകുതിയിലെ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ കൊണ്ടാണ് ചെങ്കുപ്പായക്കാര്‍ മറുപടി പറഞ്ഞത്.

ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ പരിഭ്രമമൊന്നും പനാമക്കില്ലായിരുന്നു. ബെല്‍ജിയത്തിന്റെ പേരിനെയും, പെരുമയേയും കൂസാതെയായിരുന്നു അവരുടെ കളി. ആദ്യ പകുതിയില്‍ ബെല്‍ജിയത്തിനെപ്പൊലൊരു ടീമിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ച് കെട്ടി എന്നത് തന്നെ പാനമക്കൊരു വിജയത്തിന് തുല്ല്യമായിരുന്നു.

കളി തുടങ്ങിയ നിമിഷം മുതല്‍ പാനമ ഗോള്‍ മുഖത്ത് ബെല്‍ജിയം മുന്നേറ്റ നിര ഇരമ്പിയെത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ചുവന്ന ചെകുത്താന്‍മാര്‍ അവരുടെ തനി നിറം പുറത്തെടുത്തു.

നാല്‍പ്പത്തിയേഴാം മിനിറ്റില്‍ മെര്‍ട്ടെന്‍സ് മനോഹരാമയൊരു ഗോളിലൂടെ പാനമയുടെ വല ചലിപ്പിച്ചു. അടുത്തത് ലുക്കാക്കുവിന്റെ ഊഴമായിരുന്നു.

ആറ് മിനിറ്റിന്റെ ഇടവേളയില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ പാനമയുടെ വല തുളച്ചു. അറുപത്തിയൊന്‍പതാം മിനിറ്റിലാണ് ലുക്കാക്കുവിന്റെ ആദ്യ ഗോള്‍ വന്നത്.

തൊട്ടു പിന്നാലെ എഴുപത്തി അഞ്ചാം മിനിറ്റില്‍ ലുക്കാക്കു ബെല്‍ജിയത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

പാനമയുടെ തീരങ്ങളില്‍ ചെങ്കടലിരമ്പമാണ് കളി തുടങ്ങിയപ്പോള്‍ മുതല്‍ കണ്ടത്. എന്നാല്‍ കൂട്ടായ പ്രതിരോധം ഉയര്‍ത്തി പാനമ ബെല്‍ജിയന്‍ മുന്നേറ്റത്തെ ഇല്ലാതാക്കി. ഈഡന്‍ ഹസാര്‍ഡ് അടക്കമുള്ളവര്‍ ഗോളവസരങ്ങള്‍ പാഴാക്കിയതും ബെല്‍ജിയത്തിന് കൂടുതല്‍ ഗോള്‍ നേടാന്‍ തടസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here