നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി; പള്‍സര്‍ സുനിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി

നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി തളളി. വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പരിഗണിക്കാനാവില്ലെന്ന് കോടതി.

ജില്ലയില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം കുറവായതിനാല്‍ പ്രത്യേക ജഡ്ജിമാരെ നിയമിക്കേണ്ടതില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനിരയായ നടിയുടെ ആവശ്യം തളളിയത്.

വിചാരണയ്ക്കായി പ്രത്യേക കോടതി അംഗീകരിക്കാനാവില്ലെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സമാനമായ കേസുകളില്‍ നിലവില്‍ നിര്‍ദശങ്ങളുണ്ടെന്നും പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തനിക്ക് പ്രത്യേകം അഭിഭാഷകന്‍ വേണമെന്ന നടിയുടെ ആവശ്യവും കോടതി തള്ളി.

പ്രോസിക്യൂഷനെ സഹായിക്കാനായി മറ്റൊരു അഭിഭാഷകനെ നിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുളളതിനാല്‍ പ്രത്യേക അഭിഭാഷകന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

അതേസമയം, പള്‍സര്‍ സുനിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അഡ്വ ബി എ ആളൂര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു.

സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്.

അതിനിടെ അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം കേട്ട ശേഷം വിധി പറയാനായി ഈ മാസം 27ലേക്ക് മാറ്റി. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും അന്ന് പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്ന് രേഖാമൂലം നല്‍കാനും കോടതി ദിലീപിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here