കേരളത്തിന്റെ വികസനത്തിനുവേണ്ടി ആഗ്രഹിക്കുന്നവരാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പിണറായി; അവരുടെ ആഗ്രഹം നടപ്പാക്കുന്നതിനാണ് പ്രവാസി ചിട്ടികള്‍

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ചിട്ടിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

കേരളത്തിന്റെ വികസനത്തിനുവേണ്ടി ആഗ്രഹിക്കുന്നവരാണ് പ്രവാസികളെന്നും അവരുടെ ആഗ്രഹം നടപ്പാക്കുന്നതിനാണ് പ്രവാസി ചിട്ടികള്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിട്ടിയില്‍ ചേരുന്നവര്‍ നവകേരള സൃഷ്ടിയില്‍ പങ്കാളികളാകുകയാണ്. വിദേശ നാടുകളിലേതുപോലെ അതിവേഗ റെയില്‍പാത, കോവളം-കാസര്‍കോട് ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തിന് ശക്തിയേകുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വ്യത്യസ്തമായ സഞ്ചാരമാണ് കിഫ്ബി. അതിനുവേണ്ടിയുള്ള ധനസമാഹരണമാണ് പ്രവാസി ചിട്ടി. നാടിന്റെ വികസനം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അതില്‍ പങ്കാളിയാകാനുള്ള അവസരമാണ് ചിട്ടിയിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ കാലത്താണ് കെഎസ്എഫ്ഇ ലാഭത്തിലാക്കാന്‍ പ്രവാസി ചിട്ടികള്‍ ആരംഭിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍ ധനമന്ത്രി കെ എം മാണി പറഞ്ഞു.

എന്നാല്‍, പലരും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയും തോമസ് ഐസക് ധനമന്ത്രിയുമാകേണ്ടി വന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു.

നിയമസഭാമന്ദിരത്തില്‍ ശങ്കരനാരായണന്‍തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി ടി എം തോമസ് ഐസക് സ്വാഗതം പറഞ്ഞു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, സികെ നാണു എന്നിവര്‍ സംസാരിച്ചു.

പ്രവാസികളില്‍ പ്രമുഖനായ അഷറഫ് താമരശേരി, കെ നവീന്‍കുമാര്‍ എന്നിവര്‍ ആദ്യമായി ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യഘട്ടം രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആരംഭിക്കും.

ഗള്‍ഫ് രാജ്യങ്ങളിലേക്കും പാശ്ചാത്യരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രവാസി ചിട്ടിക്ക് എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. അപകട ഇന്‍ഷുറന്‍സ് വേറെയും.

ആവശ്യമുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരുകയുമാകാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍നിന്നുള്ള സഹായം ലോകത്തെവിടെയും എപ്പോഴും ലഭ്യമാകുമെന്നതും പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here