ബിജെപി-പിഡിപി സഖ്യം തകര്‍ന്നു; ജമ്മുകാശ്മീരില്‍ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ബിജെപി-പിഡിപി സഖ്യം തകര്‍ന്നു. ജമ്മുകാശ്മീരില്‍ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം നിലവില്‍ വരും.  2014 ലാണ് ബിജെപി-പിഡിപി സഖ്യം നിലവില്‍ വന്നത്.

കത്വ പീഡനം മുതല്‍ ബിജെപി പിഡിപി സഖ്യത്തിലുടലെടുത്ത അസ്വാരസ്വങ്ങള്‍ക്ക് ഒടുവിലാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നെന്ന ബിജെപിയുടെ പ്രഖ്യാപനം. റംസാനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പും വേര്‍പിരിയലിന് കാരണമായി.

എംഎല്‍എമാരുമായി കൂടിക്കാ‍ഴ്ച നടത്തിയ ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സഖ്യത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവലുമായി അമിത് ഷാ നടത്തിയ കൂടിക്കാ‍ഴ്ചയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പിഡിപി പരാജയപ്പെട്ടെന്നും, ഇനി ഈ കൂട്ട് കെട്ട് തുടരാനാകില്ലെന്നുമാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് മാധ്യമങ്ങോട് പറഞ്ഞത്.

പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കി പിന്നാലെ കേവല പൂരിപക്ഷം നഷ്ടപ്പെട്ട പിഡിപി മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജി സമര്‍പ്പിച്ചു. ഇതോടെ കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.

ബിജെപി മുന്നോട്ട് വയ്ക്കുന്നതും ഗവര്‍ണര്‍ ഭരണമാണ്. ഗവര്‍ണര്‍ എന്‍എന്‍ വോറയുടെ കാലാവധി മൂന്നുമാസത്തേക്കക് നീട്ടി നല്‍കിയ നടപടി ഇതിന്‍റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here