പിടിച്ചുനിര്‍ത്താന്‍ പാടുപെട്ട് നേതാക്കള്‍, പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ആര്‍എസ്എസിന്റെ ഉറക്കം കെടുത്തുന്നു

കണ്ണൂർ:കേരളത്തില്‍ ഇനി സംഘപരിവാര്‍ കാലമെന്ന് അവകാശപ്പെടുമ്പോഴും സംഘടനയില്‍ നിന്നും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പുറത്തേക്കുള്ള ഒഴുക്ക് തടയാനാകാതെ ആര്‍.എസ്.എസ് നേതൃത്വം.

കണ്ണൂര്‍ ഉള്‍പ്പെടെ ആര്‍എസ്എസ് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ നിന്നെല്ലാം നാള്‍ക്കുനാള്‍ നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിയാളുകള്‍ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക് പ്രവഹിക്കുകയാണെന്ന് അടുത്തിടെ കൊച്ചി എളമക്കരയില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രാന്തീയ ബൈഠക് വിലയിരുത്തി.

സംസ്ഥാനത്തെ മുപ്പതിൽപരം സംഘജില്ലകളുടെയും ബിജെപി, ബിഎംഎസ് തുടങ്ങിയ വിവിധ ഘടകങ്ങളുടെയും കാര്യകർത്താക്കളായ 350 പേരാണ് ബൈഠക്കിൽ പങ്കെടുത്തത്.

ആര്‍എസ്എസ് ഒരു ജനാധിപത്യ സംവിധാനമല്ലെന്നും നാടിനും നാട്ടുകാര്‍ക്കും വേണ്ടി യാതൊന്നും ചെയ്യാന്‍ ആര്‍എസ്എസിന് സാധിക്കില്ലെന്നും തുറന്ന് പറഞ്ഞ് സംഘത്തിന്റെ കായിക വിഭാഗമായ ക്രീഡാഭാരതിയുടെ ജില്ലാ നേതാവ്‌ കെ വി രാജഗോപാലും യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ഭാര്യ സീമയും കഴിഞ്ഞ ദിവസമാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ ആയിരക്കണക്കിന‌് നേതാക്കളും പ്രവർത്തകരുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബിജെപിയിൽനിന്നും ആർഎസ്എസ്സിൽനിന്നും രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയത്.

കണ്ണൂരില്‍ ശക്തികേന്ദ്രങ്ങളായിരുന്ന പൊയിലൂർ, ചെറുവാഞ്ചേരി, കണ്ണൂർ അമ്പാടി മുക്ക് എന്നിവിടങ്ങളിലൊക്കെ ബിജെപി തകർന്നടിഞ്ഞു.

ബിജെപി ദേശീയസമിതി അംഗമായിരുന്ന ഒ കെ വാസു, മുൻ ജില്ലാ സെക്രട്ടറി എ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം പേർ ഒറ്റയടിക്ക് സിപിഐ എമ്മിലെത്തി.

ബിജെപിയിൽനിന്നാണ് ഇവരൊക്കെ പോയതെന്നും ആർഎസ്എസ്സിനെ ബാധിക്കില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം. എന്നാൽ ദേശീയതലത്തിലടക്കം അറിയപ്പെടുന്ന പ്രചാരക് സുധീഷ് മിന്നി കാവിക്കൊടിയോട‌് വിടപറഞ്ഞപ്പോൾ ഈ വാദവും പൊളിഞ്ഞു.

പ്രചാരകന്മാരായിരുന്ന തലശേരി ധർമടത്തെ സുബഹ്, തിരുവന്തപുരത്തെ വിഷ്ണു തുടങ്ങിയവരും വൈകാതെ ആർഎസ്എസ് വിട്ടു.

ഈ സ്ഥിതിക്ക് തടയിട്ടില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് യോഗത്തിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

തൃശൂർ സ്വദേശിയായ തിരുവനന്തപുരം വിഭാഗ് പ്രചാരക്, കണ്ണൂർ പാനൂർ സ്വദേശിയായ പാലക്കാട് വിഭാഗ് പ്രചാരക്, തിരുവനന്തപുരം സ്വദേശിയായ ഒറ്റപ്പാലം ജില്ലാ പ്രചാരക് തുടങ്ങിയവരാണ് കടുത്ത ആശങ്ക പങ്കുവച്ചത്.

വിട്ടുപോയവരിൽ ആരെയെങ്കിലും അപായപ്പെടുത്തുന്നടക്കമുള്ള “അറ്റകൈ പ്രയോഗം’ തന്നെ വേണ്ടിവരുമെന്നും ഇവരിൽ ചിലർ അഭിപ്രായപ്പെട്ടു.

ഈ നിലപാടിനോട് വിയോജിക്കുന്ന ചിലരും ബൈഠക്കിലുണ്ടായിരുന്നു. അവരിലൂടെയാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News