സിപിഐഎം എറണാകുളം ജില്ലാസെക്രട്ടറിയായി സിഎന്‍ മോഹനനെ തിരഞ്ഞെടുത്തു

കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമായ സി എന്‍ മോഹനനെ തെരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

ടി കെ മോഹനന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സി എന്‍ മോഹനനെ ജില്ലാ സെക്രട്ടറിയായി ഐകകണ്ഠേന തെരഞ്ഞെടുത്തത്. mജില്ലയ്ക്കകത്ത് ആര്‍ജിച്ച പാര്‍ട്ടിയുടെ ശക്തമായ യോജിപ്പിന് ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തുക എന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.
പുതിയ ചുമതലയേറ്റതിനാല്‍ ജി സി ഡി എ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒ‍ഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥി,യുവജന രംഗങ്ങളിലൂടെയാണ് സി എന്‍ മോഹനന്‍ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്നു.2000-2005 കാലഘട്ടത്തില്‍ കോലഞ്ചേരി ഏരിയാസെക്രട്ടറിയായി പ്രവര്‍ത്തിച്ചരുന്ന സി എന്‍ മോഹനന്‍ 95 മുതല്‍ ജില്ലാ കമ്മിറ്റി അംഗവും പിന്നീട് 2012 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു.

പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു.2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു.

കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയില്‍ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്.

വടവുകോട് ഫാര്‍മേഴ്സ് ബാങ്ക് ജീവനക്കാരി കെ എസ് വനജയാണ് ഭാര്യ. ചാന്ദ്നി സി, വന്ദന എന്നിവര്‍ മക്കള്‍. പുത്തന്‍കുരിശ് ലക്ഷ്മിനാരായണ ഭവനിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here