കടകംപള്ളി മാതൃകയില്‍ സംസ്ഥാനത്ത് വീണ്ടും ഭൂമി തട്ടിപ്പ്; ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണം

തിരുവനന്തപുരം : കടകംപള്ളി മാതൃകയില്‍ സംസ്ഥാനത്ത് മറ്റൊരു ഭൂമി തട്ടിപ്പുകൂടി. സീഫുഡ് വ്യവസായി പി ജി രാധാകൃഷന്റെ കമ്പനി ഓഹരികളും സ്വത്തുക്കളും കോട്ടയം സ്വദേശിയായ സാമ്പത്തിക ഉപദേഷ്ടവ് തട്ടിയെടുത്തു.

രാധാകൃഷ്ണന്റെ മരണ ശേഷം വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടന്നത്. പരാതിയില്‍ പൊലീസ് കേസെടുക്കാതെ വന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രാധാകൃഷ്ണന്റെ മകന്‍ ബിനിത്തിന്റെ വെളിപ്പെടുത്തല്‍.

പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ റോഷ്‌നി സീഫുഡ്‌സിന്റെ സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവും കോട്ടയം കൊല്ലാട് സ്വദേശിയുമായ തോമസ് ചെറിയാന്‍ തട്ടിയടുത്തെന്നാണ് വ്യവസായി പി ജി രാധാകൃഷ്ണന്റെ ഭാര്യ ബീനയുടേയും മകന്‍ ബിനിത്തിന്റെയും പരാതി.

കാക്കനാടുള്ള കമ്പനി രജിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥരുടേയും കുഞ്ഞിമംഗലം വില്ലേജ് ഓഫിസറുടേയും സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഇവരുടെ ആരോപണം.

പരാതിയില്‍ പൊലീസ് കേസെടുക്കാതെ വന്നപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രാധാകൃഷ്ണന്റെ മകന്‍ ബിനിത് വെളിപ്പെടുത്തി.

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് 1995ല്‍ കമ്പനിയില്‍ നിന്ന് തോമസ് ചെറിയാന്‍ പുറത്താക്കപ്പെട്ട തോമസ് ചെറിയാന്‍ 2008ല്‍ വ്യാജരേഖ ചമച്ച് വീണ്ടും കമ്പനി ഡയറക്ടറായി.

തുടര്‍ന്ന നോമിനി ബീനാ രാധാകൃഷന്‍ പോലുമറിയാതെ ഭര്‍ത്താവിന്റെ പേരിലുള്ള പയ്യന്നൂരിലെ 90 ഏക്കര്‍ ഭൂമിയും തോമസ് ചെറിയാന്‍ തട്ടിയെടുത്തു.

ഇതേക്കുറിച്ചുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും ഉന്നതരാഷ്ട്രീയ ഇടപെടല്‍ മൂലം പൊലീസ് കേസെടുത്തില്ല. പിന്നീട് രാധാകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചതോടെയാണ് 2015 ഡിസംബര്‍ 2ന് കോട്ടയം വെസ്റ്റ് പോലീസ് എഫ്‌ഐആര്‍ ഇട്ടത്.

അതില്‍ വഞ്ചനാക്കുറ്റം ആരോപിക്കുന്ന ഐപിസി 420 ചേര്‍ത്തിട്ടുമില്ല. മാത്രമല്ല, പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതും അടുത്തിടെയാണ്. അതേസമയം, ഈ ആരോപണങ്ങള്‍ തോമസ് ചെറിയാന്‍ നിഷേധിച്ചു.

കോട്ടയത്ത് എസ്ബിടി ബാങ്കില്‍ ഓഡിറ്ററായിരിക്കെ വ്യാജരേഖ ചമച്ച് ലോണ്‍തട്ടിയെടുത്ത സംഭവത്തില്‍ തോമസ് ചെറിയാനും ഭാര്യയ്ക്കുമെതിരെ സിബിഐ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here